തിരുവനന്തപുരം: പുതിയ തുടക്കത്തിനായി കെ.പി.സി.സിയുടെ അധ്യക്ഷ പദത്തില്‍ കെ. സുധാകരന്‍. വര്‍ക്കിംഗ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ്, ടി സിദ്ദിഖ് എന്നിവരും ചുമതലയേറ്റു. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍. കോവിഡ് പ്രോട്ടോകോള്‍ മൂലം പ്രവര്‍ത്തകര്‍ക്ക് ഇന്ദിരാഭവനിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
രാവിലെ പത്തരയോടെ ഇന്ദിരാഭവനിലെത്തിയ സുധാകരനെയും നേതാക്കളെയും പുഷ്പഹാരങ്ങളും ഖദര്‍ ഷാളും നല്കി വരവേറ്റു. സേവാദള്‍ പ്രവര്‍ത്തകരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം കെ.പി.സി.സി ഓഫിസിലേക്കു പോയ സുധാകരന്‍ നേതാക്കളുമായി കൂട്ടിക്കാഴ്ച നടത്തി. പിന്നീട് ഇന്ദിരാഭവന്‍ ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷമാണ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ചുമതല ഏറ്റെടുത്തത്.
കോണ്‍ഗ്രസിനോളം ആശയപരമായ അടിത്തറയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യയില്‍ മാത്രമല്ല, ലോക ചരിത്രത്തില്‍ത്തന്നെയില്ലെന്ന് ചുമതലയേറ്റ ശേഷം കെ. സുധാകരന്‍ പറഞ്ഞു. വിവിധ മതങ്ങളെയും ഭാഷയെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊണ്ട് നാനാത്വത്തില്‍ ഏകത്വം സമന്വിയിപ്പിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്.
ഈ പാരമ്പര്യം ഉള്‍ക്കൊണ്ട്, എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി കോണ്‍ഗ്രസിനെ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ഏകമനസോടെ ഒപ്പം നിന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ കോണ്‍ഗ്രസിന് അധികം സമയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ കെ.പി.സി.സി പ്രസിഡന്റായി നിയോഗിക്കപ്പെട്ടശേഷം വലിയ പ്രതീക്ഷയാണ് എല്ലാവരും വച്ചുപുലര്‍ത്തുന്നത്. അതുണ്ടാക്കുന്ന വെല്ലുവിളിയില്‍ ആശങ്കയുമുണ്ട്. എന്നാല്‍, പാര്‍ട്ടിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും ഏകമനസോടെ പ്രവര്‍ത്തിക്കാന്‍ തയാറായാല്‍ കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലെത്തിക്കാന്‍ കൂടുതല്‍ സമയം വേണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, ഹൈക്കമാന്‍ഡ് നേതാക്കളായ താരിഖ് അന്‍വര്‍, ഐവാന്‍ ഡിസൂസ, വിശ്വനാഥന്‍, പി.വി മോഹന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, കെ മുരളീധരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, സി.എം.പി നേതാവ് സി.പി ജോണ്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍ തുടങ്ങിയ നേതാക്കള്‍ ഇന്ദിരാഭവനിലെത്തിയിരുന്നു.