തിരുവനന്തപുരം: യു.എ.ഇയില്‍ നിന്ന് നയതന്ത്ര ബാഗേജ് വഴി കേരളത്തിലേക്ക് സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ. കേസില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യു.എ.ഇ കോണ്‍സുലേറ്റിന് നോട്ടീസ് നല്‍കി. കോണ്‍സുലേറ്റില്‍ ഉന്നത പദവിയിലിരുന്ന ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കസ്റ്റംസ് നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്ര നീക്കം.
രാജ്യത്തിന്റെ നയതന്ത്ര ചരിത്രത്തില്‍ തന്നെ ഇത്തരമൊരു നീക്കം ആദ്യമായാണ്. അതുകൊണ്ട് തന്നെ നയതന്ത്ര തലത്തില്‍ ഇതിന് പ്രാധാന്യം ഏറെയാണ്. കേസുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും നോട്ടീസിനൊപ്പം കൈമാറിയിട്ടുണ്ട്.
യു.എ.ഇകോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിക്കും ചാര്‍ജ് ഡെ അഫയേഴ്‌സ് റാഷിദ് ഖമീസിനും വേണ്ടിയാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഇവര്‍ക്ക് നേരത്തെ ഷോക്കോസ് നോട്ടീസും നല്‍കിയിരുന്നു. യു.എ.ഇ ഇക്കാര്യത്തിലെടുക്കുന്ന തീരുമാനം അനുസരിച്ചിരിക്കും കേസിന്റെ മുന്നോട്ടുള്ള പോക്ക്.
1962 കസ്റ്റംസ് ആക്ട് സെക്ഷന്‍ 124 പ്രകാരം നമ്പര്‍ 29/2021 നോട്ടിസ് വിദേശകാര്യമന്ത്രാലയം യു.എ.ഇ എംബസിക്ക് വെള്ളിയാഴ്ച്ചയാണ് കൈമാറിയത്. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തതായും ഔദദ്യോഗിക ചുമതലകള്‍ക്ക് അപ്പുറം സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായതായുമുള്ള കസ്റ്റംസിന്റെ കണ്ടെത്തല്‍.
2019 നവംബറിനും 2020 മാര്‍ച്ച് നാലിനും ഇടയില്‍ നടന്ന 18 നയതന്ത്ര കള്ളക്കടത്തുകളില്‍ ഓരോന്നിനും 1,000 യുഎസ് ഡോളര്‍ വീതം അല്‍സാബിക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു.
വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി യു.എ.ഇ ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയെന്നും ആരോപണമുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍, സുരക്ഷ ഭീഷണി ഇല്ലാഞ്ഞിട്ടും എക്‌സ് കാറ്റഗറി സുരക്ഷ നല്‍കിയെന്നും നേരത്തെ കണ്ടെത്തിയിരുന്നു.