സ്റ്റോക്‌ഹോം: പാരിസ്ഥിതിക സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനുമുള്ള പദ്ധതികള്‍ക്കായി ധാരണാപത്രം ഒപ്പുവെച്ച് ഇന്ത്യയും കാനഡയും. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവും കനേഡിയന്‍ പരിസ്ഥിതി മന്ത്രി സ്റ്റീവന്‍ ഗില്‍ബോള്‍ട്ടും പദ്ധതികള്‍ അംഗീകരിച്ചു. യു.എന്നിന്റെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
2030ഓടെ ലോകത്തിന്റെ 30 ശതമാനം സമുദ്ര-കര മേഖലകള്‍ സംരക്ഷിക്കുന്നതിനായി ആഗോള ജൈവവൈവിധ്യ സംരക്ഷണ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള കരാറാണിത്. പുനരുപയോഗ ഊര്‍ജ്ജ ശേഷി വര്‍ദ്ധിപ്പിക്കുക, ഘനവ്യവസായങ്ങള്‍ ഡീകാര്‍ബണൈസ് ചെയ്യുക, പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക, രാസവസ്തുക്കള്‍ കൃത്യമായി കൈകാര്യം ചെയ്യുക, ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുക, തുടങ്ങിയതില്‍ ഒന്നിച്ച് സഹകരിക്കുമെന്ന് രാജ്യങ്ങള്‍ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന ദുരന്തങ്ങള്‍ കുറയ്ക്കുവാന്‍ ദീര്‍ഘകാല പരിഹാരങ്ങള്‍ ഉണ്ടാക്കുന്നത് വഴി മേഖലയില്‍ സാമ്പത്തിക നേട്ടവും തൊഴിലവസരങ്ങളും ഉണ്ടാകും. ഇതിനോടകം കാനഡ അവതരിപ്പിച്ച ക്ലീന്‍ ഹൈഡ്രജന്‍. സ്മാര്‍ട്ട് ഗ്രിഡ്‌സ്, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് ഇന്ത്യ നല്കിയത്. പ്ലാസ്റ്റിക് മാലിന്യമുക്ത ഭാവിയിലേക്ക് എത്തുവാന്‍ ഇരു രാജ്യങ്ങളും ഒന്നിക്കുന്നത് ഒരു ചുവടുവെപ്പായിരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.