തിരുവനന്തപുരം : ചടയമംഗലം മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2001ലാണ് ചടയമംഗലത്തുനിന്ന് നിയമസഭയിലെത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റാണ്. മുന്‍ അധ്യാപിക എസ്.സുധര്‍മ്മയാണു ഭാര്യ. ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു ജി.കൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.
കൃഷ്ണന്‍നായരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1949ല്‍ പ്രയാറില്‍ ജനനം. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തി. കൊല്ലം എസ്എന്‍ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റാണ്. 2000 മുതല്‍ ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. നാഷനല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിലെ അംഗമായും പ്രവര്‍ത്തിച്ചു.
നങ്ങ്യാര്‍കുളങ്ങര കോളജില്‍ യൂണിയന്‍ ചെയര്‍മാനായി. ഈ സമയത്ത് അമ്പലപ്പുഴ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി നങ്ങ്യാര്‍കുളങ്ങരയില്‍ സംഘടിപ്പിച്ചതാണു കെഎസ്യു ജില്ലാ സെക്രട്ടറി പദവിയിലേക്കു വഴിതുറന്നത്. കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ എന്ന സംഘടനയുണ്ടാക്കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും മില്‍മയെയും നയിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദീര്‍ഘകാലമായി സഹകരണ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദേഹത്തിന്റെ നിര്യാണത്തില്‍ വിഷമിക്കുന്ന എല്ലാവര്‍ക്കും അനുശോചനം അറിയിക്കുന്നു.
പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളില്‍ ഒന്നായ മില്‍മയെ സംസ്ഥാനത്തിന്റെ അഭിമാന സ്ഥാപനമായി വളര്‍ത്തിയെടുത്തത് പ്രയാറായിരുന്നു.