കൊച്ചി: തൃപ്പുണിത്തുറയില്‍ പാലം നിര്‍മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത വര്‍ഗീസ് അറസ്റ്റില്‍. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കേസിലാണ് അറസ്റ്റ്. ഓവര്‍സിയറും കരാറുകാരനും നേരത്തേ അറസ്റ്റിലായിരുന്നു.
അന്ധകാരത്തോടിനു കുറുകെ പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം) നിര്‍മിക്കുന്ന പാലത്തിലാണു ശനി പുലര്‍ച്ചെ അപകടമുണ്ടായത്. പുതിയകാവ് ഭാഗത്തു നിന്നു ബൈക്കില്‍ എത്തിയ എരൂര്‍ സ്വദേശി വിഷ്ണു (28), സുഹൃത്ത് ആദര്‍ശ് (22) എന്നിവരാണ് അപകടത്തില്‍പെട്ടത്. വിഷ്ണു മരിച്ചു. ഗുരുതരമായി പരുക്കേറ്റ ആദര്‍ശ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പണി നടക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇതില്‍ അനാസ്ഥ വരുത്തുന്നത് ഒരുതരത്തിലും വച്ചു പൊറുപ്പിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.