തിരുവനന്തപുരം: മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കില്‍ സ്വത്ത് തിരിച്ചെടുക്കാമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം വരുന്നു. വയോജന സംരക്ഷണ നിയമത്തില്‍ മാറ്റം വരുത്താനുള്ള നീക്കവുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. സംസ്ഥാന സാമൂഹിക ക്ഷേമവകുപ്പ് ഇതുസംബന്ധിച്ച നടപടികള്‍ കൈക്കൊണ്ടു. നിയമവകുപ്പിന്റെ അനുമതി കൂടി ലഭിച്ചാല്‍ നിയമത്തില്‍ ഭേദഗതി നടപ്പാക്കും. അതിനു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ സമാന നടപടി സ്വീകരിക്കുമെന്നാണ് വിവരം.
മാതാപിതാക്കളെ നന്നായി പരിപാലിച്ചില്ലെങ്കില്‍ മക്കളില്‍നിന്ന് സ്വത്ത് തിരിച്ചെടുക്കാന്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നനിലയിലാണ് കേന്ദ്ര നിയമത്തിന്റെ ചട്ടം പരിഷ്കരിക്കുന്നത്. മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ തിരിച്ചെടുക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്ന സ്വത്ത് മാത്രമേ നിലവിലെ ചട്ടപ്രകാരം തിരിച്ചെടുക്കാനാകൂ. മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്സ് ആന്‍ഡ് സീനിയര്‍ സിറ്റിസന്‍ നിയമത്തിന്റെ ചട്ടത്തില്‍ കേരളം 2009ല്‍ ഉള്‍പ്പെടുത്തിയ ഈ വകുപ്പാണ് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നത്.
ചട്ടം പരിഷ്കരിക്കുന്നതോടെ മക്കള്‍ക്ക് കൈമാറിയ ഏത് സ്വത്തും മാതാപിതാക്കള്‍ക്ക് മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ സഹായത്തോടെ തിരിച്ചെടുക്കാനാകും. മെയിന്റനന്‍സ് ട്രൈബ്യൂണലുകളില്‍ കേസ് വാദിക്കാന്‍ അഭിഭാഷകര്‍ പാടില്ലെന്ന ചട്ടവും കേരളം പുതുതായി ഉള്‍പ്പെടുത്തും. കക്ഷികള്‍ നേരിട്ട് ട്രൈബ്യൂണലിനെ സമീപിക്കണമെന്നാണ് നിയമത്തിലുള്ളത്. ട്രൈബ്യൂണലുകളില്‍ ഹാജരാകാനുള്ള അഭിഭാഷകരുടെ നിയമപരമായ അവകാശം ഉപയോഗപ്പെടുത്തി കേരളത്തില്‍ മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ അഭിഭാഷകര്‍ ഹാജരാകുന്നുണ്ട്.
എന്നാല്‍, അഭിഭാഷകരുടെ സാന്നിധ്യം ഇരുകൂട്ടരും തമ്മില്‍ നിയമപരമായ മത്സരത്തിന് കാരണമാകുന്നെന്നാണ് വിലയിരുത്തല്‍. 2007ല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തില്‍ പരിഷ്കരണം വരുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാറും. ഈ നിയമപ്രകാരം രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കേരളത്തിലാണ്.