Thursday, December 26, 2024

HomeMain Storyവിവാദ വനിത അനിത പുല്ലയില്‍ ലോക കേരളയില്‍ എത്തിയത് വിവാദത്തില്‍

വിവാദ വനിത അനിത പുല്ലയില്‍ ലോക കേരളയില്‍ എത്തിയത് വിവാദത്തില്‍

spot_img
spot_img

തിരുവനന്തപുരം : മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ ആരോപണവിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ സുരക്ഷാ പരിശോധന മറികടന്ന് ലോക കേരളസഭാ സമ്മേളനം നടക്കുന്ന നിയമസഭാ മന്ദിരത്തിലെത്തിയത് വിവാദത്തിലായി.

ഇറ്റലിയില്‍നിന്നുള്ള പ്രവാസിയായ അനിത സമ്മേളനത്തിന്റെ ആദ്യ ദിവസമായ വെള്ളിയും സമാപന ദിവസമായ ഇന്നലെയും നിയമസഭയില്‍ ചുറ്റിക്കറങ്ങുകയും ഒട്ടേറെ പേരുമായി സംസാരിച്ചിരിക്കുകയും ചെയ്തു. ഇന്നലെ മാധ്യമങ്ങള്‍ പിന്തുടര്‍ന്നതോടെ ഇവര്‍ സഭാ ടിവിയുടെ ഓഫിസിനുള്ളിലേക്കു മാറി. മാധ്യമങ്ങള്‍ പുറത്തു കാത്തുനിന്നു. ഇതു കണ്ട വാച്ച് ആന്‍ഡ് വാര്‍ഡ് മാധ്യമപ്രവര്‍ത്തകരോട് അവിടെ നിന്നു മാറാന്‍ ആവശ്യപ്പെട്ടു. പിന്നാലെ അനിതയെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. മന്ദിരത്തിനു പുറത്തെത്തിയ അനിതയോടു പ്രതികരണം ആവശ്യപ്പെട്ടെങ്കിലും പിന്നീടു പറയാം എന്നറിയിച്ച് ഒഴിഞ്ഞുമാറി.

പ്രതിനിധികളുടെ പട്ടികയില്‍ അനിതാ പുല്ലയില്‍ ഇല്ലായിരുന്നെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ലോക കേരളസഭാ സമ്മേളനം പൂര്‍ത്തിയായിട്ടും പ്രതിനിധികളുടെ പട്ടിക നോര്‍ക്ക വകുപ്പ് പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങള്‍ ആദ്യ ദിവസം തന്നെ പട്ടിക ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അനിത എങ്ങനെ അകത്തുകടന്നെന്ന് അന്വേഷിക്കാന്‍ നിയമസഭയിലെ സുരക്ഷാ മേധാവിയായ ചീഫ് മാര്‍ഷനിനോട് സ്പീക്കര്‍ നിര്‍ദേശിച്ചു. ഒരു സ്വകാര്യ ടിവി ചാനലിന്റെ വാഹനത്തില്‍ അനിത അകത്തുകടന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

പ്രവാസി ഡെലിഗേറ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, സഭാംഗങ്ങള്‍, പ്രത്യേക ക്ഷണിതാക്കള്‍, സംഘാടകര്‍ എന്നിവര്‍ക്കായിരുന്നു സമ്മേളനം നടന്ന നിയമസഭാ വളപ്പിനുള്ളില്‍ പ്രവേശനമുണ്ടായിരുന്നത്. എല്ലാവര്‍ക്കും പാസ് നല്‍കിയായിരുന്നു നിയന്ത്രണം. മന്ദിരത്തിനു പുറത്തുനടന്ന ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്കു പോലും പാസ് നിര്‍ബന്ധമാക്കിയിരുന്നു. എന്നിട്ടും ലോക കേരളസഭയില്‍നിന്നു സര്‍ക്കാര്‍ ഒഴിവാക്കിയ അനിതാ പുല്ലയില്‍ 2 ദിവസം തടസ്സങ്ങളൊന്നും കൂടാതെ അകത്തു കടന്നതും കറങ്ങിനടന്നതും സംഘാടകര്‍ക്കു ക്ഷീണമായി. അനിത പാസ് ധരിച്ചിരുന്നുമില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments