ന്യൂഡല്‍ഹി: സമരം നടത്തിവന്ന ഗുസ്തി താരങ്ങള്‍ സമരം താല്‍കാലികമായി നിര്‍ത്തി. ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ അന്വേഷണം ഈ മാസം പതിനഞ്ചിനകം തീര്‍ക്കുമെന്ന് ഉറപ്പുകിട്ടിയതിനെ തുടര്‍ന്നാണ് നടപടി.
കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ഗുസ്തി താരങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു തീരുമാനം. ബ്രിജ്ഭൂഷന്റെ അറസ്റ്റില്‍ ഉടന്‍ തീരുമാനം വേണമെന്നു മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഗുസ്തി താരങ്ങള്‍ നിലപാടെടുക്കുകയായിരുന്നു.
ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഈ മാസം 15നകം കുറ്റപത്രം നല്‍കുമെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ഈ മാസം 30 നുള്ളില്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. ഫെഡറേഷന്‍ തലപ്പത്തു വനിത വരണമെന്നു മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ താരങ്ങള്‍ ആവശ്യപ്പെട്ടു.
അതേസമയം ഗുസ്തി താരങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം എടുത്ത കേസുകളാണു പിന്‍വലിക്കുന്നത്. ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലും ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.