തിരുവനന്തപുരം: വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഗാന്ധി വിജയിച്ചതിനു പിന്നാലെ ഒരു മണ്ഡലം അദ്ദേഹം ഒഴിയേണ്ടി വരുന്ന സാഹചര്യത്തില്‍ ഏതു മണ്ഡലമെന്ന ചര്‍ച്ച സജീവമാകുന്നു. നിലവിലെ സാഹചര്യത്തില്‍ ഹിന്ദി ഹൃദയഭൂമിയായ റായ്ബറേലി നിലനിര്‍ത്തിക്കൊണ്ട് വയനാട് ഒഴിയാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.
രാഹുല്‍ വയനാട് ഒഴിയുമെന്ന അഭ്യൂഹം ശക്തമായി ഉയരുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അത്തരമൊരു സാഹചര്യമുണ്ടായാല്‍ പ്രിയങ്ക വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ആവശ്യം പരസ്യമായി ഉന്നയിച്ചും കഴിഞ്ഞു.
ഇതിനിടെ രാഹുല്‍ ഗാന്ധി വടക്കേ ഇന്ത്യയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമന്നെ ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ കൂടുതലായി ഉയരുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവ് നടത്താന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് കൂടുതല്‍ സമയം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
രാഹുനിനോളമോ അതിനു മുകളിലോ സ്വാധീനമുണ്ടാക്കാന്‍ പ്രിയങ്കയ്ക്ക് കഴിയുമെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളിലുള്ളത്. രാഹുലിന്റെ പ്രചാരണത്തില്‍ മുഴുവന്‍ സമയവും പ്രിയങ്ക വയനാട്ടിലുണ്ടായിരുന്നു .തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഉള്‍പ്പെടെ പ്രിയങ്കയ്ക്ക് മുദ്രാവാക്യം വിളികളുമായി വന്‍ ജനാവലിയാണ് പങ്കെടുത്തിരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഗാന്ധി കുടുംബം വയനാടിനെ ഉപേക്ഷിച്ചുവെന്ന സ്ഥിതി ഉണ്ടായാല്‍ സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും അത് ആയുധമാക്കും. ഇത്തരമൊരു സാഹചര്യം കൂടി ഉള്ള സാഹചര്യത്തില്‍ രാഹുല്‍ വയനാട് ഒഴിഞ്ഞാല്‍ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം ശക്തമായി ഉയരാനും സാധ്യതയുണ്ട്. രാഹുലിന്റെ മനസിലിരിപ്പ എന്താണെന്നതനുസരിച്ചാവും തുടര്‍ നടപടികള്‍ ഉണ്ടാവുക.