Saturday, September 7, 2024

HomeMain Storyഅനിലിന് കേരളവുമായി ബന്ധമില്ല, ജയിക്കാവുന്ന സീറ്റ് നശിപ്പിച്ചു: പി.സി. ജോര്‍ജ്‌

അനിലിന് കേരളവുമായി ബന്ധമില്ല, ജയിക്കാവുന്ന സീറ്റ് നശിപ്പിച്ചു: പി.സി. ജോര്‍ജ്‌

spot_img
spot_img

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന അനിൽ ആന്റണിക്ക് നാടുമായി ഒരു ബന്ധവും ഇല്ലായിരുന്നെന്നും ഇതു തോൽവിക്ക് കാരണമായതായും ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പി.സി.ജോർജ്. അനിലിന് വോട്ടുപിടിക്കാൻ വളരെയധികം ബുദ്ധിമുട്ടിയെന്ന് പി.സി ജോർജ് പറ‍ഞ്ഞു.

അനിലിനെപോലെ ആരുമായും ബന്ധമില്ലാത്ത ആളെ സ്ഥാനാർഥിയാക്കിയാൽ വിജയിക്കാനാകില്ല. കോൺഗ്രസ് നേതാവ് എ.കെ.ആന്റണി മകനെ തള്ളിപ്പറഞ്ഞതും പേരുദോഷമായി. ജയിക്കാവുന്ന സീറ്റ് അനിൽ നശിപ്പിച്ചെന്നും പി.സി.ജോർജ് ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

‘‘സ്ഥാനാർഥിയെ നിശ്ചയിക്കുമ്പോൾ‍ വളരെയേറെ ചിന്തിക്കാനുണ്ട്. നാടുമായി ബന്ധമുള്ള ആളിനെയോ, നാട്ടിൽ അറിയപ്പെടുന്നവരെയോ, സംസ്ഥാനതലത്തിൽ അറിയപ്പെടുന്നവരെയോ ആണ് സ്ഥാനാർഥിയാക്കേണ്ടത്. എങ്കിലേ ഒരു നിലയും വിലയുമുണ്ടാകൂ. ജനങ്ങൾക്ക് അത്തരക്കാരോട് ആഭിമുഖ്യം ഉണ്ടാകും. അല്ലെങ്കിൽ സ്വന്തം പാർട്ടിക്കു വോട്ട് ഉണ്ടാകണം. സിപിഎമ്മിന് സ്വന്തം നിലയ്ക്ക് വോട്ട് ഉണ്ട്. ആരെ നിർത്തിയാലും പലയിടങ്ങളിലും ജയിക്കാനാകും. ബിജെപി പതുക്കെ വളർന്നു വരുന്ന പാർട്ടിയാണ്. ആ പാർട്ടി ഇതുപോലെ ആരുമായും ബന്ധമില്ലാത്ത ആളെ സ്ഥാനാർഥിയാക്കിയാൽ വിജയിക്കാനാകില്ല.

‘‘അനിലിന് വോട്ടു പിടിക്കാൻ വളരെയധികം ബുദ്ധിമുട്ടി. പൂഞ്ഞാർ പഞ്ചായത്തിൽ അനിൽ ലീഡ് ചെയ്തു. പൂഞ്ഞാർ മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനത്തെത്തി. മുണ്ടക്കയം മേഖലയിൽ തകർച്ചയുണ്ടായി. കാരണം അവർക്ക് അനിലിനെ അറിയില്ല. ഞാൻ പലരോടും വ്യക്തിപരമായി ഫോണിൽ വിളിച്ച് വോട്ട് അഭ്യർഥിച്ചാണ് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കിയത്. ഇനിയെങ്കിലും സ്ഥാനാർ‌ഥികളെ നിർത്തുമ്പോൾ പാർട്ടി ശ്രദ്ധിക്കണം. ജനങ്ങളുമായി ബന്ധം വേണം.

‘‘അനിൽ നല്ല ചെറുപ്പക്കാരനാണ്. പക്ഷേ, അനിലിന് കേരളവുമായി ഒരു ബന്ധവുമില്ല. എ.കെ.ആന്റണിയുടെ മകനെന്നേയുള്ളൂ. ആന്റണി തന്നെ മകനെ തള്ളിപ്പറഞ്ഞു. അതും പേരുദോഷമായി. ജയിക്കാവുന്ന സീറ്റ് നശിപ്പിച്ചു. ഭാവിയുള്ള ചെറുപ്പക്കാരനായിരുന്നു. പത്തനംതിട്ടയിൽ പാർലമെന്റിൽ മത്സരിച്ച് ഭാവി നശിപ്പിക്കരുതായിരുന്നു’’ – പി.സി.ജോർജ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments