കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിച്ച് പരാജയപ്പെട്ട കെ മുരളീധരനെ അനുനയിപ്പിക്കാനെത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെ മുരളീധരനെ തിരിച്ചുകൊണ്ടുവരും അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണെന്ന് കെ സുധാകരൻ പ്രതികരിച്ചു. മുരളീധരനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ.
കെ മുരളീധരനെ തിരിച്ചുകൊണ്ടുവരും. അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണ്. ചർച്ചയിൽ ഒരാവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടില്ല. കെ മുരളീധരന് എന്ത് പദവി നൽകണമെന്ന കാര്യം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കും. കെപിസിസി അധ്യക്ഷ പദവിയടക്കം അതിൽ ചർച്ചയാകുമെന്നും സുധാകരൻ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട്ടിലേക്ക് കെ മുരളീധരനെ പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. തൃശ്ശൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുരളീധരനുണ്ടായ വിഷമം മാറ്റുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ലക്ഷ്യം. പാലക്കാട് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനാണ് സാധ്യത. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിന് ഒരവസരം കൂടി നല്‍കിയേക്കും.