തിരുവനന്തപുരം: കോട്ടയം കനറ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ മുൻ ചീഫ് മാനേജർ ഉൾപ്പെടെ നാലു പ്രതികൾക്ക് മൂന്നു വർഷം കഠിന തടവും 5.87 കോടി രൂപ പിഴയും ശിക്ഷ. ഒന്ന്, മൂന്ന് മുതൽ അഞ്ച് വരെ പ്രതികളായ മുൻ ചീഫ് മാനേജർ ഇ.ജി.എൻ. റാവു, ബോബി ജേക്കബ്, ടീനു ബോബി, കെ.വി. സുരേഷ് എന്നിവർക്കാണ് ശിക്ഷ. രണ്ടാം പ്രതിയും മാനേജറുമായ എം.പി. ഗോപിനാഥൻ നായരെ തിരുവനന്തപുരം സി.ബി.ഐ കോടതി വെറുതെ വിട്ടു.
പണം നഷ്ടമായ നാലുപേർക്കും പിഴത്തുകയിൽനിന്ന് പണം നൽകണം. കോട്ടയം സ്വദേശി ഉണ്ണിമായകുട്ടി അഞ്ചു കോടി, ഗിരിജ 40 ലക്ഷം രൂപ, അനിൽ രാജ് 25 ലക്ഷം രൂപ, ശിവരാജൻ ഉണ്ണിത്താൻ അഞ്ചു ലക്ഷം രൂപ എന്നിങ്ങനെ നൽകാനാണ് ഉത്തരവ്. പണം നൽകിയില്ലെങ്കിൽ പ്രതികളുടെ വസ്തുക്കൾ ജപ്തി ചെയ്തു പണം ഈടാക്കണമെന്നും പറയുന്നു.
2004 ജൂൺ ഏഴു മുതൽ 2006 ഡിസംബർ 16 വരെ കാലത്തായിരുന്നു അഴിമതി. ഒന്നാം പ്രതി മൂന്നും നാലും പ്രതികളുമായി ഗുഢാലോചന നടത്തി കുരുമുളക്, ഏലം ബിസിനസ് ആവശ്യങ്ങൾക്കായി ചെത്തിപ്പുഴ അസോസിയേറ്റ്സ്, ചെത്തിപ്പുഴ ട്രേഡിങ് കമ്പനി എന്നീ ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ കൃത്രിമരേഖകൾ തയാറാക്കി കോട്ടയം കനറ ബാങ്ക് ശാഖയിൽനിന്നു വിവിധ വായ്പകൾ എടുത്താണ് തട്ടിപ്പ് നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. സെന്തിൽ കുമാർ ഹാജരായി.