തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമം നടന്നെന്ന പരാതിയുമായി തിരുവനന്തപുരത്തെ നിയുക്ത എം.പി ശശി തരൂർ. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ പേരെടുത്ത് പറഞ്ഞാണ് ഹൈക്കമാൻഡിന് പരാതി നൽകിയത്. അട്ടിമറി ശ്രമം അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യമുണ്ട്.
തെരഞ്ഞെടുപ്പിൽ തന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ശശി തരൂർ ആക്ഷേപങ്ങൾ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഒരുകൂട്ടം പ്രവർത്തകർ ആത്മാർഥമായി പ്രവർത്തിച്ചില്ല, ഡി.സി.സി പ്രസിഡന്റ് പാലോട് രവി പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ല, ആത്മാർത്ഥമായ പ്രവർത്തനം ഉണ്ടായിട്ടില്ല, തനിക്ക് വോട്ട് കുറഞ്ഞതിന് പിന്നിൽ ചില നേതാക്കൾക്ക് പങ്കുണ്ട് തുടങ്ങിയ ആരോപണങ്ങളൊക്കെ പരാതിയിൽ തരൂർ ഉന്നയിക്കുന്നു. ഡി.സി.സി പ്രസിഡന്റ് പാലോട് രവിയെക്കൂടാതെ, കോൺഗ്രസിലെ ചില നേതാക്കൾ കൂടി തനിക്കെതിരെ പ്രവർത്തിച്ചെന്ന ആരോപണവും തരൂർ ഉയർത്തി. പരാതി ഹൈക്കമാൻഡ് പരിശോധിക്കട്ടെയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
തിരുവനന്തപുരത്തെ മൂന്നു മണ്ഡലങ്ങളിൽ സംഘടനാ വീഴ്ചയുണ്ടായെന്നും തരൂർ ആരോപിക്കുന്നുണ്ട്. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളാണ് തരൂർ ചൂണ്ടിക്കാട്ടിയത്. വോട്ടെണ്ണലിന്റെ അവസാന ഘട്ടങ്ങളിലായിരുന്നു തരൂർ ലീഡ് നേടിയത്