തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയം നല്കിയ ആത്മവിശ്വാസവുമായി യുഡിഎഫും ലോക്‌സഭയിലെ കനത്ത പരാജയം സമ്മാനിച്ച ആഘാതവുമായി ഭരണപക്ഷവും നിയമഭാ സമ്മേളനത്തിലേക്ക്. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂണ്‍ 10ന് ആരംഭിക്കുമ്പോള്‍ ഭരണപക്ഷത്തെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള നിരവധി വിഷയങ്ങളാണ് പ്രതിപക്ഷത്തിനു മുന്നിലുള്ളത്.
പ്രധാനമായും 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. ക്ഷേമപെന്‍ഷനുകള്‍ കുടിശികയായതു മുതല്‍ നിരവധി വിഷയങ്ങളാണ് ഭരണപക്ഷത്തിനെതിരേ ആയുധമാക്കാന്‍ പ്രതിപക്ഷത്തിനുള്ളത്. ആഭ്യന്തര വകുപ്പിന്റെ പരാജയം ഉള്‍പ്പെടെയുളള കാര്യങ്ങളും ചര്‍ച്ചയാകുമെന്നുറപ്പ്.
ആകെ 28 ദിവസം ചേരാന്‍ നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് നീക്കിവച്ചിട്ടുള്ളത്.
സമ്മേളന കാലയളവില്‍ അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും എട്ടു ദിവസം ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതും വര്‍ഷത്തെ ആദ്യ ബാച്ച് ഉപധനാഭ്യര്‍ഥകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും.