തിരുവനന്തപുരം: സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ നിരവധി വിഷയങ്ങള്‍ നിലനില്ക്കുമ്പോള്‍ തിങ്കളാഴ്ച്ച ആരംഭിക്കുന്ന നിയയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയവുമായി പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിനെത്തുമ്പോള്‍ ഏറെ പ്രതിരോധത്തിലാകുക ഭരണപക്ഷമെന്നുറപ്പ്. അതിനിടയില്‍ ബാര്‍ കോഴ പോലുളള വിവാദങ്ങള്‍ കൂടി ആവുമ്പോള്‍
പ്രതിപക്ഷ പ്രതിഷേധം നിയമസഭയ്ക്കകത്തും പുറത്തും കൂടുതല്‍ ശക്തമാകും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച്ച സഭാ സമ്മേളനം ചോദ്യോത്തര വേളയോടെയാണ് ആരംഭിക്കുന്നത്.
ചോദ്യോത്തരവേളക്ക് ശേഷം അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കല്‍ ഉണ്ടായിരിക്കും. അതിന് ശേഷമാകും സീറോ അവര്‍. ആദ്യ ദിനം അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കില്‍ ഗ്രൂപ്പ് ഫോട്ടോയില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു വാര്‍ഡ് കൂട്ടാനുള്ള ബില്‍ ഇന്ന് അവതരിപ്പിക്കും.