ന്യൂഡൽഹി: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഒരു ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി ന്യൂഡൽഹി ആസ്ഥാനമായുള്ള സൈബർപീസ് എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ അവകാശപ്പെട്ടു. 1,00,000 വരുന്ന ഉപയോക്ത ഡാറ്റകൾ ചോർന്നതായാണ് ഓർഗനൈസേഷൻ പറഞ്ഞത്.
ലീക്കായ ഡാറ്റകളിൽ, ആളുകളുടെ മുഴുവൻ പേര്, പ്രൊഫൈൽ, ലൊക്കേഷൻ, ഫോട്ടോകൾ, ഫോൺ നമ്പറുകൾ എന്നിവ ഉൾപെടുന്നുണ്ടെന്ന് സൈബർപീസ് സംഘം പറഞ്ഞു. വ്യക്തി വിവരങ്ങൽ ചോരുന്നത് പലവിധ ആക്രമണ പ്രവർത്തനങ്ങളിലേക്കും, വ്യക്തിഹത്യ പോലെയുള്ള സംഭവങ്ങളിലേക്കും നയിക്കുമെന്ന് ഓർഗനൈസേഷൻ വ്യക്തമാക്കി.
‘ഈ പ്രവർത്തി ചെയ്‌തത് ഏതു ഗ്രൂപ്പ് ആണെന്നത് വ്യക്തമായിട്ടില്ല, സൈബർ ക്രിമിനൽ ഗ്രൂപ്പിന്റേയോ ഹാക്ക് ചെയ്യുന്നവരുടെയോ ഏതെങ്കിലും സ്ഥാപനത്തിൻ്റെയോ സൃഷ്‌ടിയാണോ ഇതിന് പിന്നിലെന്നും കരുതുന്നുണ്ട്. അത് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്, ഇത്തരത്തിലുള്ള ലംഘനങ്ങൾ ഉണ്ടാകുന്നത് ഫേസ്ബുക്കിൻ്റെ മേലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കും. വ്യക്തികളുടെ സ്വകാര്യതകൾ പ്രധാനമാണ്. ഉപയോക്തൃ സൗഹൃദ അന്തരീക്ഷമാണ് കമ്പനികൾ പ്രധാനം ചെയ്യുക. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇത്തരത്തിലുള്ള പ്രവർത്തികൾ വരുന്നത് തീർച്ചയായും അതിൻ്റെ നിലവാരത്തെ ബാധിക്കും. ഉപയോക്ത്യ ഡാറ്റ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെ കുറിച്ച് കമ്പനികൾ ബോധവാന്മാരാവേണ്ടതുണ്ട്,’ ഗവേഷകർ പറഞ്ഞു.
ഈ ഡാറ്റാ ലംഘനം ഡിജിറ്റൽ മേഖലയിൽ സൈബർ ഭീഷണികൾ ഉയർത്തുന്ന വെല്ലുവിളികളെയാണ് സൂചിപ്പിക്കുന്നതെന്നും ഓർഗനൈസേഷനുകൾ അവരുടെ സൈബർ സുരക്ഷാ നടപടികൾ തുടർച്ചയായി മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ ഈ സംഭവം ഓർമിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ സൈബർപീസ് ഓർഗനൈസേഷന്റെ അവകാശവാദങ്ങളെക്കുറിച്ച് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.