Thursday, November 21, 2024

HomeMain Storyവിമാനാപകടത്തിൽ മലാവി വൈസ് പ്രസിഡന്‍റ് അടക്കം 10 പേർ കൊല്ലപ്പെട്ടു

വിമാനാപകടത്തിൽ മലാവി വൈസ് പ്രസിഡന്‍റ് അടക്കം 10 പേർ കൊല്ലപ്പെട്ടു

spot_img
spot_img

ലിലോങ്വേ: തെക്കു കിഴക്കനാഫ്രിക്കന്‍ രാജ്യമായ മലാവിയെ നടുക്കി വിമാനാപകടം. വൈസ് പ്രസിഡന്റ് സൗലോസ് ക്ലൗസ് ചിലിമ ഉള്‍പ്പെടെ പത്തു പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കാണാതായ സൈനിക വിമാനം അപകടത്തില്‍പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്. വൈസ് പ്രസിഡന്‍റ് സൗലോസ് ക്ലൗസ് ചിലിമ ഉള്‍പ്പെടെ പത്തു പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 9.17നു തലസ്ഥാനമായ ലിലോങ്വേയില്‍നിന്നു പുറപ്പെട്ട മലാവി ഡിഫന്‍സ് ഫോഴ്സ് വിമാനമാണു 24 മണിക്കൂറോളം കാണാതായത്. 1.02ന് മലാവിയില്‍ തന്നെയുള്ള മസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. എന്നാല്‍, ലിലോങ്വേയില്‍നിന്നു പുറപ്പെട്ടതിനു പിന്നാലെ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായിരുന്നു. തുടര്‍ന്ന് വിമാനവുമായി ബന്ധപ്പെടാന്‍ ഏവിയേഷന്‍ വിഭാഗത്തിനു കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മന്ത്രി റാല്‍ഫ് കസംബറയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു സൗലോസ് ചിലിമ. ഭാര്യ മേരി, വൈസ് പ്രസിഡന്റിന്റെ പാര്‍ട്ടിയായ യുനൈറ്റഡ് ട്രാന്‍സ്ഫോമേഷന്‍ മൂവ്മെന്റ്(യു.ടി.എം) നേതാക്കള്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു വിവരം.

മസുസു വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കാഴ്ച കുറവായതിനാല്‍ ലാന്‍ഡ് ചെയ്യാതെ മടങ്ങുകയായിരുന്നു. ചികങ്ങാവ വനത്തിലാണ് വിമാനം തകര്‍ന്നുവീണതെന്നാണു സൂചന. വിമാനം കാണാതായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഒരു സൂചനയും ലഭിക്കാതായതോടെ രക്ഷാപ്രവര്‍ത്തനത്തിനായി മലാവി അയല്‍രാജ്യങ്ങളുടെയും യു.എസ്, ബ്രിട്ടന്‍, ഇസ്രായേല്‍, നോര്‍വേ തുടങ്ങിയ ലോകരാജ്യങ്ങളുടെയും സഹായം തേടിയിരുന്നു.

2014 മുതല്‍ മലാവിയുടെ വൈസ് പ്രസിഡന്റാണ് സൗലോസ് ക്ലൗസ് ചിലിമ. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനുമുന്‍പ് യൂനിലിവര്‍, കൊക്കകോള ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളില്‍ പ്രധാന പദവികള്‍ വഹിച്ചിരുന്നു. മലാവി സര്‍വകലാശാലയില്‍നിന്ന് സാമൂഹിക ശാസ്ത്രത്തിലും കംപ്യൂട്ടര്‍ സയന്‍സിലും എക്ണോമിക്സിലും ബിരുദങ്ങളും എക്ണോമിക്സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലണ്ടനിലെ യൂനിവേഴ്സിറ്റി ഓഫ് ബോള്‍ട്ടനില്‍നിന്ന് നോളജ് മാനേജ്മെന്റില്‍ പി.എച്ച്.ഡിയും സ്വന്തമാക്കി.

2020ലാണ് മലാവി വൈസ് പ്രസിഡന്റായി ചിലിമ വീണ്ടും അധികാരമേറ്റത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണു ദുരൂഹമായ സംഭവം. 2022ല്‍ അഴിമതിക്കുറ്റങ്ങള്‍ ചുമത്തപ്പെട്ട് അറസ്റ്റിലായിരുന്നു ചിലിമ. കേസില്‍ മലാവി കോടതി കഴിഞ്ഞ മാസം അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments