Saturday, September 7, 2024

HomeNewsKeralaകുവൈത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ബാഷ്പാഞ്ജലി (പി. ശ്രീകുമാര്‍)

കുവൈത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ബാഷ്പാഞ്ജലി (പി. ശ്രീകുമാര്‍)

spot_img
spot_img

സമീപകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ് കുവൈത്തില്‍ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായത്..ഒട്ടേറെ മലയാളികളടക്കം നിരവധി ഇന്ത്യാക്കാര്‍ നിസ്സഹായതയോടെ അഗ്‌നിക്കിരയായി. ദാരുണ മരണത്തിനിരയായ മലയാളികള്‍ പലരും സ്വന്തം കുടുംബത്തിന്റെ അത്താണികളാണ്. വല്ലപാടും ജീവിതത്തില്‍ കരപറ്റാനാണ് അവര്‍ അന്യനാട്ടില്‍പ്പോയി കഷ്ടപ്പെടാന്‍ തീരുമാനിച്ചത്. ഇവരുടെ കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. അതിദാരുണമായ ഈ സംഭവം നടന്നത് ആയിരക്കണക്കിന് കിലോമീറ്റര്‍ അപ്പുറത്താണെങ്കിലും മലയാളികള്‍ക്ക് അത് അയല്‍ സംസ്ഥാനത്തുണ്ടായതുപോലെയാണ് തോന്നുന്നത്.

കാരണം തൊഴിലന്വേഷകരായ അവര്‍ക്ക് കുവൈറ്റ് ഒട്ടും അകലെയല്ല. ലക്ഷക്കണക്കിന് മലയാളികളാണ് അവിടെ പണിയെടുക്കുന്നത്. ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് കുവൈറ്റില്‍നിന്ന് ആയിരക്കണക്കിന് മലയാളികള്‍ക്കാണ് ഓടിപ്പോരേണ്ടി വന്നത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെപ്പോലും അത് പ്രതികൂലമായി ബാധിക്കുകയുണ്ടായി. ഇവരില്‍ പലര്‍ക്കും പിന്നീട് അവിടേക്ക് പോകാന്‍ കഴിയാതെയായെങ്കിലും കാലാന്തരത്തില്‍ നിരവധി മലയാളികള്‍ തൊഴില്‍തേടി കുവൈറ്റിലേക്ക് പോയി. ഇവരില്‍പ്പെട്ടവര്‍ക്കാണ് ഇപ്പോള്‍ അപകടമരണം സംഭവിച്ചിട്ടുള്ളത്.

ഇവരുടെ കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍സിങ്ങിനെ കുവൈത്തിലേക്ക് അടച്ചതടക്കമുള്ള സത്വരനടപടികള്‍ കൈക്കൊണ്ട കേന്ദ്രസര്‍ക്കാര്‍ അനുമോദനമര്‍ഹിക്കുന്നു. കേരളസര്‍ക്കാരും അതിനുകീഴിലെ പ്രവാസിക്ഷേമവിഭാഗമായ നോര്‍ക്ക റൂട്ട്‌സും അവസരത്തിനൊത്തുയര്‍ന്ന് ആശ്വാസനടപടികള്‍ക്കു വേഗംകൂട്ടുകയുണ്ടായി.

മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപാ വീതം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായികളായ യൂസഫലിയും രവി പിള്ളയും സഹായധനം പ്രഖ്യാപിച്ചിട്ടുള്ളതും സ്വാഗതാര്‍ഹം. ഇതുകൊണ്ടു മാത്രമായില്ല. ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടാകുമെന്ന് കമ്പനിയുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാത്തരത്തിലുള്ള നഷ്ടപരിഹാരവും നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോഴും മലയാളികളടക്കമുള്ള വിദേശികള്‍ക്ക് മികച്ച ജീവിതാവസരങ്ങള്‍ പ്രദാനംചെയ്യുന്നുണ്ടെന്നതു വസ്തുതയാണ്.

എന്നാല്‍, വിദേശതൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ക്യാമ്പുകളിലും കെട്ടിടങ്ങളിലും ജീവിതസാഹചര്യങ്ങള്‍ അത്ര തൃപ്തികരമല്ലെന്നു പണ്ടേ ആക്ഷേപമുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ അഗ്‌നിബാധപോലുള്ള സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഗള്‍ഫ് മേഖലയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കൂടുതല്‍ സജീവമാക്കണമെന്നും സാര്‍ഥകമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും ഓര്‍മിപ്പിക്കുകയാണ്, ദാരുണമായ ഈ ദുരന്തം.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. അതില്‍നിന്ന് ഒഴിഞ്ഞുമാറരുത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് മറ്റെന്തൊക്കെ സഹായം നല്‍കാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണം.
ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെങ്കിലും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ മുന്‍കൂട്ടി തടയാന്‍ ഉതകിയാല്‍ അത് നല്ലതു തന്നെയാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ നാടിനൊപ്പം പങ്കുചേരുന്നു. ജീവന്‍ പൊലിഞ്ഞവര്‍ക്ക് ബാഷ്പാഞ്ജലി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments