തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ട് തലേ ദിവസത്തില്‍ വടകരയില്‍ പ്രത്യക്ഷപ്പെട്ട വിവാദ കാഫിര്‍ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനും സിപിഎമ്മിനുമാകുന്നു. സിപിഎം അനുകൂല സൈബര്‍ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റ് മുന്‍ എംഎല്‍എ കെ.കെ ലതിക ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ചിരുന്നു. ലീഗ് പ്രവര്‍ത്തകനാണ് ഇത്തരമൊരു കാഫിര്‍ പോസ്റ്റ് നിര്‍മിച്ചതെന്നായിരുന്നു ആദ്യം ആരോപണം. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലീഗ് പ്രവര്‍ത്തകനല്ല കാഫിര്‍ പോസ്റ്റ്് നിര്‍മിച്ചതെന്നു വ്യക്തമാക്കുന്നു. അപ്പോള്‍ പിന്നെ ആരാണ് ഇത്തരമൊരു പോസ്റ്റിനു പിന്നിലുള്ളതെന്നു കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനാണ്. യുഡിഎഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടാവുന്നില്ലെന്നു വടകരയില്‍ നിന്നും വിജയിച്ച ഷാഫി പറമ്പില്‍ തന്നെ വ്യക്തമാക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനുള്ള നീക്കത്തെ നീതിന്യായ വ്യവസ്ഥയുടെ സഹായത്തോടെ ചെറുക്കുമെന്നും ഷാഫി വ്യക്തമാക്കി
ഇതിനിടെവിവാദമായ കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് മുന്‍എംഎല്‍എയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക. വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലടക്കം ലതിക ലോക്ക് ചെയ്തിട്ടുമുണ്ട്. ഒന്നരമാസത്തിലേറെയായി ഈ കുറിപ്പ് കെകെ ലതികയുടെ പ്രൊഫൈലിലുണ്ടായിരുന്നു.
വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ തെളിവില്ലെന്ന് ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതോടെ സിപിഎമ്മിനെതിരെ യുഡിഎഫ് ആക്രമണം ശക്തമാക്കിയിരുന്നു. സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിപ്പിച്ച കുറ്റ്യാടി മുന്‍ എംഎല്‍എ കെകെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലതികയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ വിവാദ സ്‌ക്രീന്‍ ഷോട്ട് തുടരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ഈ ആവശ്യം.
വിവാദങ്ങള്‍ നിറഞ്ഞു നിന്ന വടകരയിലെ തരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നിമിഷം വന്നുവീണ ബോംബായിരുന്നു കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം. ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്‌കരിക്കുന്ന ദീനിയായ മുസ്ലിമായും കെകെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുളള സ്‌ക്രീന്‍ ഷോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാസിമിന്റെ പേരിലാണ് പുറത്തിറങ്ങിയതെങ്കിലും ഇതുവരെയുളള അന്വേഷണത്തില്‍ കാസിമിനെതിരെ യാതൊരു തെളിവും കിട്ടിയിട്ടില്ലെന്നാണ് വടകര പൊലീസ് ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
മാത്രമല്ല, ഈ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച അമ്പാടി മുക്ക് സഖാക്കള്‍, പോരാളി ഷാജി തുടങ്ങിയ സമൂഹ മാധ്യമ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചിരുന്നു. കെ.കെ ലതികയുടെ മൊഴി എടുത്തതായും ഫോണ്‍ പരിശോധിച്ചതായും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ഇതോടെയാണ് ലതികയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. പോരാളി ഷാജിയെന്ന ഫെയ്‌സ് ബുക്ക് പേജില്‍ ഇപ്പോഴും വിവാദ സ്‌ക്രീന്‍ ഷോട്ട് ഉണ്ടെന്നും അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യം.