ന്യൂജഴ്സി: യുഎസിലെ ന്യൂജഴ്സിയിലെ മിഡില്‍സെക്സ് കൗണ്ടിയിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജയായ യുവതി കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ഗൗരവ് ഗില്ലിനെ (19) പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടത് പഞ്ചാബില്‍ നിന്നുള്ള ജസ്വിര്‍ കൗര്‍ (29) ആണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം 14 ന് വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ രണ്ട് നിലയിലാണ് രണ്ട് സ്ത്രീകളെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇരുവരെയും വിമാനമാര്‍ഗം ആശുപത്രിയിലേക്ക് മാറ്റി. ജസ്വിര്‍ കൗറിന്റെ ബന്ധുവായ 20 വയസ്സുകാരിയാണ് ആക്രമണത്തിന് ഇരയായ രണ്ടാമത്തെ യുവതി. ഇവരുടെ നില ഗുരുതരമായി തുടരുന്നു.
സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് ഗൗരവ് ഗില്ലിനെ അന്നുതന്നെ അറസ്റ്റ് ചെയ്തു. സംഭവം നടന്ന മേഖലയില്‍ അര മൈല്‍ അകലെയുള്ള ഒരു വീട്ടുമുറ്റത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ കെന്റിലെ താമസക്കാരനാണ്. കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ജസ്വിര്‍ കൗറിനെ കഠിനാധ്വാനിയും ദയയും ഉള്ള വ്യക്തിയായി യുവതികള്‍ താമസിച്ചിരുന്ന വീടിന്റെ ഉടമ ഗുര്‍മുഖ് സിങ് അനുസ്മരിച്ചു. വെടിവയ്പ്പിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല, ഇരകളുമായി ഗില്ലിന് എന്തെങ്കിലും മുന്‍ പരിചയമുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. കാരണം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.