തിരുവനന്തപുരം: രാഹുല്‍ എം പി സ്ഥാനം ഒഴിഞ്ഞ വയനാട്ടില്‍ നിന്നും പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്ക് മത്സരത്തിനിറങ്ങുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിന് അത് കൂടുതല്‍ ശക്തി പകരുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. പ്രിയങ്കയോട് കേരള ജനതയ്ക്ക് രാഹുലിനോടുള്ളതിനേക്കാല് കൂടുതല്‍ സ്നേഹമാണുള്ളതെന്നും സ്ത്രീവോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പം ഇതിലൂടെ ഉണ്ടാവുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്. റിക്കാര്‍ഡ് ഭൂരിപക്ഷം വയനാട്ടില്‍ നേടുന്നതോടൊപ്പം അതേ സമയം തന്നെ പാലക്കാട്,ചേലക്കര നിയമസഭാ മണ്ഡലങ്ങിലും ആധിപത്യം സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നത്. 2019-ല്‍ രാഹുല്‍ കേരളത്തിലേക്ക് വന്നതോടെ ആലപ്പുഴ ഒഴികെ 19 സീറ്റും യുഡിഎഫ് സ്വന്തമാക്കിയതു പോലെ പ്രിയങ്കയുടെ വരവ് വയനാട്ടിനപ്പുറവും കേരള രാഷ്ട്രീയത്തില്‍ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
ശക്തമായ ത്രികോണ മത്സരത്തിനു സാധ്യതയുള്ള പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഷാഷി പറമ്പിലിന്റെ ഒഴിവില്‍ കോണ്‍ഗ്രസിന് പോരാട്ടം കൂടുതല്‍ പ്രതികൂലമാകുമെന്നുറപ്പ്. അവിടേയും പ്രിയങ്കയുടെ വരവ് ഗുണപരമാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലുള്ള പ്രിയങ്കയുടെ സ്വാധീനം വോട്ടാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ ചേലക്കരയിലും ഒരു അട്ടിമറി യുഡിഎഫ് ലക്ഷ്യമിടുന്നു. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി 5000 ലധികം വോട്ടുകളുടെ ലീഡാണ് മണ്ഡലത്തില്‍ സ്വന്തമാക്കിയത്. ഇത് മറികടന്ന് ഇടതിന്റെ കുത്തക സീറ്റ് തിരികെ പിടിച്ച് സര്‍ക്കാരിന് ശക്തമായ ഒരു താക്കീത് നല്‍കാനും യുഡിഎഫ് ലക്ഷ്യമിടുന്നു. പ്രിയങ്കയെ കേന്ദ്രീകരിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫും കോണ്‍ഗ്രസും ആലോചിക്കുന്നത്.