സന: യമനില്‍ കഴിഞ്ഞ ദിവസം ഹൂതി വിമതരുടെ ആക്രമണത്തിനിരയായ കപ്പല്‍ കടലില്‍ മുങ്ങി. ഒരു നാവികന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തു വരുന്നു.
ലൈബീരിയന്‍ പതാകയേന്തിയ, ഗ്രീക് ഉടമസ്ഥതയിലുള്ള ട്യൂട്ടര്‍ എന്ന കപ്പലാണ് ചെങ്കടലില്‍ മുങ്ങിയതെന്ന് യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷന്‍സ് (യു.കെ.എം.ടി.ഒ) ആണ് ‘അറിയിച്ചത്. ഗസ്സയിലെ ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം ഹൂതികള്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിത്. ഹൂതികള്‍ മുക്കുന്ന രണ്ടാമത്തെ കപ്പലാണിത്.
കല്‍ക്കരിയുമായി സഞ്ചരിക്കുകയായിരുന്ന കപ്പലിനുനേരെ ജൂണ്‍ 12നാണ് ഹൂതികളുടെ ആക്രമണമുണ്ടായത്. മിസൈലുകള്‍, സ്‌ഫോടകവസ്തുക്കള്‍ നിറച്ച വിദൂര നിയന്ത്രിത ബോട്ട് എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കപ്പലില്‍നിന്ന് അവസാനം സന്ദേശം ലഭിച്ച സ്ഥാനത്ത് അവശിഷ്ടങ്ങളും എണ്ണപ്പാടയും കണ്ടെത്തിയതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.
ഹുതികളുടെ ആക്രമണത്തില്‍ ഫിലിപ്പീന്‍സില്‍നിന്നുള്ള നാവികന്‍ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷ വക്താവ് ജോണ്‍ കിര്‍ബി തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാല്‍, മരണവിവരം ഫിലിപ്പീന്‍സ് ഇത് സ്ഥിരീകരിച്ചിട്ടില്ല.