ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ എണ്ണം 143 ആയി. ഈ വർഷം മാർച്ച് ഒന്നു മുതൽ ജൂൺ 20 വരെ 41,789 പേർക്ക് ഉഷ്ണാഘാതമേറ്റതായും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളും ആരോഗ്യ സ്ഥാപനങ്ങളും ഏറ്റവും പുതിയ വിവരങ്ങൾ നൽകാത്തതിനാൽ ഉഷ്ണാഘാതമേറ്റവരുടെ കണക്ക് ഇനിയും വർധിക്കാനാണ് സാധ്യത. വ്യാഴാഴ്ച മാത്രം ഉഷ്ണാഘാതമേറ്റ് 14 മരണങ്ങളും ഉഷ്ണാഘാതമെന്ന് സംശയിക്കുന്ന ഒമ്പത് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മരണങ്ങളിൽ ഉത്തർപ്രദേശാണ് മുന്നിൽ -35 പേർ. ഡൽഹിയിൽ 21 പേരും ബിഹാറിലും രാജസ്ഥാനിലും 17 പേരുമാണ് മരിച്ചത്. ഉഷ്ണാഘാതമേൽക്കുന്നവരെ ചികിത്സിക്കാനാവശ്യമായ സൗകര്യമൊരുക്കാൻ ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ നിർദേശം നൽകിയിട്ടുണ്ട്.