കണ്ണൂർ: എരഞ്ഞോളിയിൽ സ്റ്റീൽബോംബ് പൊട്ടി വയോധികൻ മരിച്ച ഞെട്ടൽ മാറും മുമ്പേ കൂത്തുപറമ്പിൽ രണ്ട് സ്റ്റീൽ ബേംബുകൾ കണ്ടെത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം കിണറ്റിന്റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണ് സ്റ്റീൽ ബോംബുകൾ കണ്ടത്. എരഞ്ഞോളി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് നടത്തുന്ന തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.
ബി.ജെ.പി സ്വാധീന മേഖലയായ പ്രദേശത്ത് നേരത്തേ സി.പി.എം- ബി.ജെ.പി സംഘർഷം നടന്നിട്ടുണ്ട്. ഉഗ്രശേഷിയുള്ള ബോംബുകൾ ആരാണ് സൂക്ഷിച്ചതെന്ന് വ്യക്തമല്ല. ഇതന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ബോംബുകൾ പിന്നീട് നിർവീര്യമാക്കി. ഇവിടെനിന്ന് നേരത്തേയും ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്.
എരഞ്ഞോളി കുടക്കളത്ത് ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടയിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 85കാരൻ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കതിരൂർ, പാനൂർ, ന്യൂമാഹി, ധർമടം, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതത് സ്റ്റേഷൻ പരിധികളിലെ ആളൊഴിഞ്ഞ വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്.