തൊടുപുഴ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മലങ്കര ഡാമിന്റെ സ്പില്‍വേ റിസര്‍വോയറിലെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റർ വീതം ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ 30 സെന്റീമീറ്റർ വീതം ഉയർത്തിയത്.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി മുപ്പത്തിയഞ്ച് അംഗ ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്) ഇടുക്കിയിലെത്തിയിട്ടുണ്ട്. വെളാപ്പാറയിലെ വനംവകുപ്പിന്റെ ഐ.ബി യും ഡോർമെറ്ററിയുമാണ് തത്കാലം ബേസ് ക്യാമ്പായി പ്രവർത്തിക്കുന്നത്.
കഴിഞ്ഞ കാലഘട്ടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്താനും ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പഠിക്കാനുമാണ് സേന ഉദ്ദേശിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ അടിയന്തര സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.