ബാർബഡോസ്∙ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് കിരീടം. ഇന്ത്യ ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റു വിജയം. ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലര്‍ പുറത്തായതാണു കളിയിൽ നിർണായകമായത്. ബൗണ്ടറി ലൈനിനു സമീപത്തു നിൽക്കുകയായിരുന്ന സൂര്യകുമാർ യാദവ് തകർപ്പൻ ക്യാച്ചിലൂടെ മില്ലറെ പുറത്താക്കുകയായിരുന്നു.
ഹെൻറിച് ക്ലാസൻ അർധ സെഞ്ചറി നേടി. 27 പന്തിൽ 52 റൺസെടുത്താണു താരം പുറത്തായത്. ഓപ്പണർ റീസ ഹെൻറിക്സ് (നാല്), ക്യാപ്റ്റൻ എയ്ഡന്‍ മാർക്രം (നാല്), ട്രിസ്റ്റൻ സ്റ്റബ്സ് (21 പന്തിൽ 31), ക്വിന്റൻ ഡികോക്ക് (31 പന്തിൽ 39) എന്നിവരും പുറത്തായി. ജസ്പ്രീത് ബുമ്രയെറിഞ്ഞ രണ്ടാം ഓവറിൽ റീസ ബോൾഡാകുകയായിരുന്നു. അർഷ്ദീപ് സിങ്ങിന്റെ പന്തിൽ ഋഷഭ് പന്ത് ക്യാച്ചെടുത്ത് മാർക്രത്തെ പുറത്താക്കി. ഡികോക്കും സ്റ്റബ്സും കൈകോർത്തതോടെ പവർപ്ലേയിൽ ദക്ഷിണാഫ്രിക്ക നേടിയത് 42 റണ്‍സ്. സ്കോർ 70ൽ നിൽക്കെ സ്റ്റബ്സിനെ സ്പിന്നർ അക്ഷർ പട്ടേൽ ബോൾഡാക്കി. 11.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക 100 പിന്നിട്ടത്. 13–ാം ഓവറിൽ ഡികോക്കിനെ അർഷ്ദീപ് സിങ് കുൽദീപ് യാദവിന്റെ കൈകളിലെത്തിച്ചു.
നിരാശപ്പെടുത്തി രോഹിത്, അർധ സെഞ്ചറിയുമായി കോലി
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. രോഹിത് ശർമയുടേതുൾപ്പെടെ മൂന്നു മുൻനിര വിക്കറ്റുകൾ തുടക്കത്തിൽ നഷ്ടമായെങ്കിലും വിരാട് കോലി നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.