കണ്ണൂര്‍ : കേരള മനസാക്ഷിയെ ഞെട്ടിച്ച് അരുംകൊലയായ ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കുന്നതിന്റെ പ്രാരംഭമായി കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്ഐക്കു സ്ഥലംമാറ്റം. നിയമസഭയില്‍ ഉള്‍പ്പെടെ സംഭവം പ്പതിപക്ഷം ശക്തമാക്കിയതോടെയാണ് ഗത്യന്തരമില്ലാകെ ഉദ്യോഗസ്ഥരുടെ ചുമലില്‍ പ്രശ്‌നം ചാരി സര്‍ക്കാര്‍ രക്ഷനേടാന്‍ ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കെ.കെ രമയുടെ മൊഴിയെടുത്ത കൊളവല്ലൂര്‍ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. ട്രൗസര്‍ മനോജിന് ഇളവ് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു കെകെ രമയുടെ മൊഴിയെടുത്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണന്‍ സിജിത്, മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് സ്പെഷ്യല്‍ ഇളവ് നല്‍കാനാണ് വഴി വിട്ട നീക്കം നടത്തിയത്.
20 വര്‍ഷം വരെ ഈ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയായിരുന്നു സര്‍ക്കാരിന്റെ വഴി വിട്ട നീക്കം.
എന്നാല്‍ അത്തരത്തില്‍ ഒരു നീക്കവുമില്ലെന്ന് ആദ്യം സര്‍ക്കാറും സഭയില്‍ സ്പീക്കറും ആവര്‍ത്തിച്ചു. കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്ത് പുറത്തായിട്ടും നീക്കം അഭ്യൂഹമെന്ന നിലപാടാണ് സ്പീക്കര്‍ അടക്കം സ്വീകരിച്ചത്. ഒടുവില്‍ സഭയില്‍ സബ് മിഷന്‍ ഉന്നയിക്കാനിരിക്കെ അപ്രതീക്ഷിതമായി ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അടക്കം മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മാനദണ്ഡം ലംഘിച്ച് തെറ്റായ പട്ടിക തയ്യാറാക്കിയതിനാണ് നടപടിയെന്നാണ് വിശദീകരണം. പിന്നാലെയാണ് കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്ഐക്കും സ്ഥലം മാറ്റം.