ന്യൂഡൽഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന 202 ടി20 ലോകകപ്പിൽ ഇന്ത്യ ഏഴ് റൺസിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.
ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കുറിച്ച് അഭിമാനം എന്നും മോദി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ ഇന്ത്യയുടെ രണ്ടാം വിശ്വ വിജയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ടൂർണമെൻ്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
“ടി20 ലോകകപ്പ് നേടിയതിന് ടീം ഇന്ത്യക്ക് എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ, വിഷമകരമായ സാഹചര്യങ്ങളിലൂടെ ടീം യാത്ര ചെയ്യുകയും ടൂർണമെൻ്റിലുടനീളം മികച്ച കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു. അവസാന മത്സരം, ടീം ഇന്ത്യ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു!” എന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും എക്സിൽ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മമ്മൂട്ടി, മോഹൻ ലാൽ തുടങ്ങി കേരളത്തിലെ രാഷ്ട്രീയ – സാംസ്കാരിക – ചലച്ചിത്ര മേഖലയിലെ പ്രമുഖരെല്ലാം ഇന്ത്യയുടെ വിശ്വ വിജയത്തെ വാഴ്ത്തി രംഗത്തെത്തെത്തി. ടൂർണമെന്റിൽ ഉടനീളം പുലർത്തിയ ആത്മവിശ്വാസവും മികവും കടുത്ത മത്സരം നേരിട്ട ഫൈനലിലും കൈവിടാതെ വിജയം കരസ്ഥാമാക്കാൻ ടീം ഇന്ത്യയ്ക്ക് സാധിച്ചെന്നും രാജ്യത്തിന് എന്തെന്നില്ലാത്ത ആനന്ദവും അഭിമാനവും പകരുന്ന ഈ വിജയം കായികമേഖലയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമാകുമെന്നുമാണ് മുഖ്യമന്ത്രിയടക്കമുള്ളവർ പറഞ്ഞത്.