Sunday, September 8, 2024

HomeMain Storyബി.ജെ.പിയുടെ 'ടാര്‍ജറ്റായ' ഐഷ സുല്‍ത്താന ആരാണ്..? (ന്യൂസ്+വീഡിയോ)

ബി.ജെ.പിയുടെ ‘ടാര്‍ജറ്റായ’ ഐഷ സുല്‍ത്താന ആരാണ്..? (ന്യൂസ്+വീഡിയോ)

spot_img
spot_img

കൊച്ചി: സിനിമാ പ്രവര്‍ത്തകയും ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന് രാജ്യദ്രോഹ കേസില്‍ പെടുകയും ചെയ്ത ഐഷ സുല്‍ത്താനയെ ലക്ഷദ്വീപിലെ കവരത്തി പോലീസ് കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി ചോദ്യം ചെയ്തു.

ചോദ്യം ചെയ്യല്‍ അജന്‍ഡയുടെ ഭാഗമാണെന്നും തന്നെ ദ്രോഹിക്കാനാണെന്നും അവര്‍ പിന്നീട് പ്രതികരിച്ചു. ഏതാനും മണിക്കൂറുകളാണ് ചോദ്യം ചെയ്യലുണ്ടായത്.

ഐഷ താമസിക്കുന്ന കാക്കനാട്ടെ ഫ്‌ലാറ്റില്‍ കവരത്തി പോലീസ് റെയ്ഡ് നടത്തി. അനുജന്റെ ലാപ്‌ടോപ് പിടിച്ചെടുത്തിട്ടുണ്ട്. ബേങ്ക് വിവരങ്ങളും മറ്റും ചോദിച്ചറിഞ്ഞു. ഇത് മൂന്നാം തവണയാണ് ഐഷയെ പോലീസ് ചോദ്യം ചെയ്യുന്നത്. മുന്‍കൂട്ടി അറിയിക്കാതെയാണ് ചോദ്യം ചെയ്യാന്‍ പോലീസ് താമസസ്ഥലത്തെത്തിയതെന്ന് ഐഷ സുല്‍ത്താന പറഞ്ഞു.

നേരത്തേ, ഐഷ സുല്‍ത്താന ലക്ഷദ്വീപ് പോലീസിന്റെ മുന്നില്‍ ഹാജരായിരുന്നു. അന്ന് രണ്ട് പ്രാവശ്യമാണ് ചോദ്യം ചെയ്തത്.

അരാണ് യഥാര്‍ത്ഥത്തില്‍ ഐഷ സുല്‍ത്താന..?

”രാജ്യദ്രോഹ കുറ്റം..? പക്ഷെ, സത്യമേ ജയിക്കൂ. കേസ് കൊടുത്ത ബി.ജെ.പി നേതാവ് ലക്ഷദ്വീപ് കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. നാളെ ഒറ്റപ്പെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്കാര്‍ ആയിരിക്കും. ഇനി നാട്ടുക്കാരോട്…കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്…ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ് ഭയം…തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്… എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്…” ബി.ജെ.പിയുടെ കണ്ണിലെ കരടും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ലക്ഷദ്വീപിന്റെ പുത്രിയുമായ ഐഷ സുര്‍ത്താനയുടെ വാക്കുകളാണിത്.

ഐഷ പറഞ്ഞതുപോലെ സത്യം ജയിച്ചു. നീതിയുടെ പിന്തുണയും കിട്ടി. ഐഷയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി അവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് രണ്ടാഴ്ച മുമ്പാണ്. ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താന സാധാരണക്കാരന്റെ നാവായി മാറിയിരിക്കുകയാണ്.

ഒരു കോവിഡ് കേസുപോലും രജിസ്റ്റര്‍ ചെയ്യാതിരുന്ന ദ്വീപില്‍ ഇന്ന് കേസുകള്‍ നിരന്തരമായി വര്‍ധിക്കാന്‍ കാരണക്കാരനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ സംസാരിച്ചപ്പോള്‍ അവര്‍ രാജ്യദ്രോഹിയായി മാറി. സിനിമകളിലൂടെയും മോഡലിങ്ങിലൂടെയും തിളങ്ങിയ ആയിഷ ആരാണെന്നാണ് ഇന്ന് ലോകം തിരയുന്നത്.

ലക്ഷദ്വീപില്‍ പൂജ്യം ആയിരുന്ന കോവിഡ് കേസുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ബയോ വെപ്പണ്‍ കാരണം നൂറായി മാറി എന്ന് ആയിഷ മീഡിയ വണ്‍ ചാനലില്‍ സംവാദത്തില്‍ പറഞ്ഞിരുന്നു.

”പ്രഫുല്‍ പട്ടേലും, അയാളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്… ഹോസ്പിറ്റല്‍ ഫെസിലിറ്റിസ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കല്‍ ഡയറക്ടര്‍, പ്രഫുല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുല്‍ പട്ടേലിനെ ഞാന്‍ ബയോവെപ്പണ്‍ ആയി താരതമ്യം ചെയ്തു…” ഐഷ പറയുന്നു…

ആയിഷയുടെ ഈ വാക്കുകളാണ് രാജ്യദ്രോഹമായി ചാര്‍ത്തപ്പെട്ട് 124 എ, 153 ബി എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റിന്റെ പരാതിയില്‍ കവരത്തി പോലീസ് സ്‌റ്റേഷനിലാണ് ഐഷയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കവരത്തി പോലീസ് പലവട്ടം ചോദ്യം ചെയ്ത ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും അവര്‍ കൊച്ചിയിലെത്തുകയും ചെയ്തു. ആയിഷയ്‌ക്കൊപ്പം ലക്ഷദ്വീപിലെയും കേരളത്തിലെയും സാംസ്‌കാരിക സമൂഹവും ഒപ്പമുണ്ട്.

ലക്ഷദ്വീപ് സമൂഹത്തിലെ ചെത്‌ലാത്ത് ദ്വീപ് സ്വദേശിയാണ് ഐഷ. 1984 ഡിസംബറില്‍ ജനിച്ചു. ഡോ. കുഞ്ഞിക്കോയയാണ് പിതാവ്. എന്നാല്‍ ലക്ഷദ്വീപിലെ ആശുപത്രികളിലെ ശോച്യാവസ്ഥ മൂലം മതിയായ ചികില്‍സ കിട്ടാതെ അദ്ദേഹം കഴിഞ്ഞ വര്‍ഷം മരിച്ചു. പിതാവിനെ നഷ്ടപ്പെട്ട നൊമ്പരത്തില്‍ ഐഷ ദ്വീപിലെ ആരോഗ്യ സംവിധാനത്തിന്റെ പിടിപ്പില്ലായ്മയെപ്പറ്റി പറഞ്ഞത് ചിലരുടെ മര്‍മത്ത് കൊണ്ടു.

ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആയിഷയെ ബംഗ്ലദേശുകാരിയും തീവ്രവാദിയുമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ ഒന്നിലേറെ വെബ്‌സൈറ്റുകളില്‍ ഐഷയുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചാണ് പ്രചാരണം. ആയിഷ ബംഗ്ലാദേശിലെ ജെസോറില്‍ ജനിച്ചുവെന്നാണ് പറയുന്നത്.

പക്ഷേ ഐഷയുടെ ഉമ്മയുടെ പിതാവ് ചെത്‌ലാത്ത് ദ്വീപുകാരനാണ്. ഉമ്മയുടെ ഉമ്മ മംഗലാപുരത്ത് കൃഷ്ണപുരം സ്വദേശിനിയായിരുന്നു. ചെത്‌ലാത്ത് ദ്വീപിലാണ് ഉപ്പ കുഞ്ഞിക്കോയയും ഉമ്മ ഹവ്വയും ജനിച്ചു വളര്‍ന്നത്. ഉപ്പ മിനിക്കോയി ദ്വീപില്‍ സര്‍ക്കാര്‍ ജോലിക്കാരനായിരുന്നതിനാല്‍ മിനിക്കോയിലാണ് ഏഴാം ക്ലാസ് വരെ പഠിച്ചത്.

ഹൈസ്‌കൂള്‍ പഠനം ചെത്‌ലാത്തില്‍ തന്നെയായിരുന്നു. ഐഷ പ്ലസ്‌വണ്ണും പ്ലസ്ടുവും പഠിച്ചത് കടമത്ത് ദ്വീപിലായിരുന്നു. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത് കോഴിക്കോടായിരുന്നു. ബി.എ മലയാളം പഠിക്കാനാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെത്തുന്നത്. തുടര്‍ന്നാണ് സിനിമാ രംഗത്തേക്ക് എത്തിയതത്.

ബൈക്ക് റൈഡിങ്ങും പുസ്തക വായനയും ഹോബിയാക്കിയ ഐഷ മോഡലിങ്ങിലൂടെയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. നിരവധി സിനിമകളില്‍ ലാല്‍ ജോസിന്റെ സംവിധാന സഹായിയായിരുന്നയാളാണ് ഐഷ. കൂടാതെ ആനുകാലിക സംഭവങ്ങളിലും സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും സോഷ്യല്‍മീഡിയയിലുള്‍പ്പെടെ തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ശ്രദ്ധ നേടിയിട്ടുമുണ്ട്.

ആര്‍.ജെ, വി.ജെ, മോഡലിങ്, ആക്ടിങ്, പ്രോഗ്രാം പ്രൊഡ്യൂസര്‍, അഡ്വടൈസിങ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ആയിഷ സംവിധാന സഹായിയായത്. ഇപ്പോള്‍ ‘ഫ്‌ളഷ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായികയീവുകയാണ്. ഇതിനിടയിലാണ് വിവാദങ്ങളും കേസും പുക്കാറുമെല്ലാം.

ഐഷ നടി എന്നീ നിലകളിലും പ്രശസ്തയാണ്. അടുത്തയിടെ റിലീസ് ചെയ്ത ‘കെട്ടിയോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ആയിഷ. മലയാള നാടകങ്ങളിലും വേഷമിട്ടു. ആയിഷയ്ക്ക് രണ്ട് സഹോദരങ്ങളുണ്ട്.

”എന്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങള്‍ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നില്‍ക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി (സ) ഇത് ഇവിടെ പറയാനുള്ള കാരണം എന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ ബയോവെപ്പന്‍ എന്നൊരു വാക്ക് പ്രയോഗിച്ചതില്‍ ആണ്. സത്യത്തില്‍ ആ ചര്‍ച്ച കാണുന്ന എല്ലാവര്‍ക്കും അറിയാം ഞാന്‍ ആ വാക്ക് പ്രയോഗിച്ചത് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണ്. പ്രഫുല്‍ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പന്‍ പൊലെ എനിക്ക് തോന്നി…” ഐഷ തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments