ബെര്‍ലിന്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജര്‍മനിയില്‍ വ്യാപക നാശനഷ്ടം. ഇതുവരെ 19 പേര്‍ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക വിവരം. വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാറുകള്‍ ഒഴുകിപ്പോവുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ അനേകംപേര്‍ വീടുകളുടെ മേല്‍ക്കൂരയില്‍ കുടുങ്ങിയിട്ടുണ്ട്.
പടിഞ്ഞാറന്‍ പ്രവിശ്യയായ യൂസ്കിര്‍ഷെനില്‍ മാത്രം എട്ട് പേര്‍ മരിച്ചു. കോബ്ലെന്‍സ് നഗരത്തില്‍ നാല് പേര്‍ മരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന രണ്ട് ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രക്ഷ തേടി വീടുകളുടെ ടെറസില്‍ അഭയം പ്രാപിച്ച അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് ആറോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
റൈന്‍ സീഗ് പ്രവിശ്യയിലെ സ്‌റ്റെയിന്‍ബാഷല്‍ ഡാം തകരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായതിനാല്‍ മരണസംഖ്യ ഉള്‍പ്പെടെയുള്ള നാശനഷ്ടം ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു. ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം താറുമാറായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് ദിവസമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും മധ്യ ജര്‍മനിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഇന്നുകൂടി മഴ തുടരുമെന്നാണ് ജര്‍മന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
നിര്‍ത്താതെ പെയ്യുന്ന മഴ കിഴക്കന്‍ ബെല്‍ജിയത്തിലും വ്യാപകമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. കനത്ത മഴയില്‍ പല പ്രദേശങ്ങളിലും പ്രതീക്ഷിച്ചതിലും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ബെല്‍ജിയത്തിന്റെ കിഴക്കന്‍ മേഖലയിലും ദക്ഷിണമേഖലയിലും വെള്ളപ്പൊക്കം കാരണം റെയില്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.
കനത്ത മഴ നെതര്‍ലാന്‍ഡ്‌സിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.