മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 20ലേറെ മരണം സംഭവിച്ചതായി ദേശീയ മാധ്യമങ്ങള്‍. നിരവധി പേരെ കാണാതായി. മുംബൈയിലെ ചേംബൂര, വിക്രോളി പാര്‍ക് ഭാഗങ്ങളിലാണ് പുലര്‍ച്ചെ സമയത്ത് മണിക്കൂറുകള്‍ നിര്‍ത്താതെ പെയ്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായത്.
ഇവിടെ നിരവധി പേരെ കാണാതായിട്ടുണ്ട്. 15 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വൈകീട്ട് ആറുമണിക്ക് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
മുംബൈ നഗരത്തില്‍ ഇന്നലെ രാത്രി എട്ടുമണിക്കും രണ്ടുമണിക്കും ഇടയില്‍ 156.94 സെന്‍റിമീറ്റര്‍ റെക്കോര്‍ഡ് മഴയാണ് ഉണ്ടായത്. ചുനഭത്തി, സിയോണ്‍, ദാദര്‍, ഗാന്ധി മാര്‍കറ്റ്, ചേംബൂര്‍, കുര്‍ള എല്‍.ബി.എസ് റോഡ് എന്നിവിടങ്ങളില്‍ പ്രളയം രൂക്ഷമായി തുടരുകയാണ്.
നഗരത്തിന്‍റെ പല ഭാഗങ്ങളിലും റോഡ് ഗതാഗതം മുടങ്ങി. ബോറിവലിയില്‍ പ്രളയപ്പാച്ചിലില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു.
വരുന്ന അഞ്ചുദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച മഴയാണ് നഗരത്തെ വെള്ളത്തില്‍ മുക്കിയത്.