ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലെ ഉജ്വല പ്രകടനത്തോടെ മണിപ്പൂരുകാരി മീരാഭായ് ചാനുവാണ് ഇന്ത്യയുടെ അഭിമാനമായത്.
21 വര്‍ഷത്തിനു ശേഷമാണു ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം. ചൈനയുടെ ലോക ഒന്നാം നമ്പര്‍ സിഹുയി ഹോയ്ക്കാണ് ഈ ഇനത്തില്‍ സ്വര്‍ണം.
സ്‌നാച്ചില്‍ 84 കിലോഗ്രാമും 87 കിലോഗ്രാമും ഉയര്‍ത്തിയതിനു ശേഷം 89 കിലോഗ്രാം ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ചാനു രണ്ടാം സ്ഥാനത്തായിരുന്നു. അതേ സമയം 94 കിലോഗ്രാം ഉയര്‍ത്തി സിയുവി സ്‌നാച്ചില്‍ ഒളിംപിക് റെക്കോര്‍ഡ് സ്ഥാപിച്ചു.
പിന്നീടു ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 110 കിലോഗ്രാം ഉയര്‍ത്തിയ ചാനു രണ്ടാം ശ്രമത്തില്‍ 115 കിലോഗ്രാം ഉയര്‍ത്തിയാണു മെഡല്‍ ഉറപ്പിച്ചത്.
2000ലെ സിഡ്‌നി ഒളിംപിക്‌സില്‍ 69 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ മെഡല്‍ നേട്ടത്തിലെത്തുന്നത്.
ഉത്തര കൊറിയ മത്സരത്തില്‍നിന്നു പിന്‍മാറിയതോടെ 2 താരങ്ങള്‍ ഒഴിവായപ്പോള്‍ ചാനുവിന്റെ ലോക റാങ്കിങ് നാലില്‍നിന്നു രണ്ടിലേക്കെത്തിയിരുന്നു.