പി.പി. ചെറിയാന്‍
ഡാളസ്: ഡാളസ് കൗണ്ടിയില്‍ കോവിഡ് കേസുകള്‍ സാവകാശം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിലവിലുള്ള യെല്ലോ അലര്‍ട്ട് ഏറ്റവും വലിയ അലര്‍ട്ടിന്റെ രണ്ടാം സ്ഥാനത്തുള്ള ഓറഞ്ച് അലര്‍ട്ടിലേക്ക് മാറ്റുന്നതായി ജൂലൈ 23 വെള്ളിയാഴ്ച വൈകിട്ട് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്‌സ് അറിയിച്ചു.
ജനങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കോവിഡ് 19-നെ കാണണമെന്നും ജഡ്ജി ആഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
ഇതുവരെ വാക്‌സിനേറ്റ് ചെയ്യാത്തവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മാത്രമല്ല ഏവരും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും ജഡ്ജി അറിയിച്ചു.
അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം. കടയില്‍ നിന്നും ക്രെഡിറ്റ് ത്രൂവിലൂടെ സാധനങ്ങള്‍ വാങ്ങണം. ആഘോഷങ്ങളില്‍ നിന്നും ഒഴിവായിരിക്കണം. കഴിയുമെങ്കില്‍ മതപരമായ ചടങ്ങുകളില്‍ നിന്നും വലിയ കൂട്ടങ്ങളില്‍ നിന്നും ഒഴിവാകണമെന്നും ജഡ്ജി അഭ്യര്‍ത്ഥിച്ചു.
ഡാളസ് കൗണ്ടിയില്‍ വെള്ളിയാഴ്ച 434 പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും 292 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഡാളസ് കൗണ്ടിയില്‍ ഇതുവരെ 49.08 ശതമാനം പേര്‍ പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തിട്ടുണ്ട്. പകുതിയിലധികം പേര്‍ക്ക് കൂടി വാക്‌സിനേഷന്‍ നല്‍കാനുള്ളു. അതിനുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കോവിഡ് 19, ഡല്‍റ്റാ വേരിയന്റ് എന്നിവയെ പ്രതിരോധിക്കണമെന്നും ജഡ്ജി പറഞ്ഞു.