പാലക്കാട്: ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന രമ്യ ഹരിദാസ് എം.പിയെയും മുന്‍ എം.എല്‍.എ വി.ടി. ബലറാമിനെയും ചോദ്യം ചെയ്ത യുവാക്കളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.
പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പാളയം പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് വധഭീഷണിയും മുഴക്കി.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ദിനത്തില്‍ കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യയും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഭക്ഷണ വിതരണക്കാരനായ സനൂഫ് എം.പിയോട് കാര്യം തിരക്കി.
താന്‍ ബിരിയാണി പാഴ്‌സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ മറുപടി നല്‍കി. പാഴ്‌സല്‍ എടുക്കേണ്ടവര്‍ പുറത്താണ് നില്‍ക്കേണ്ടതെന്നും എം.പിക്കെന്താണ് പ്രത്യേകതയെന്നും സനൂഫ് തിരിച്ച് ചോദിച്ചു.
തുടര്‍ന്ന് യുവാവിനൊപ്പം രമ്യയും ബല്‍റാമും പുറത്തിറങ്ങി. അതിനിടെയാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപും സംഘവും യുവാവിനെയും സുഹൃത്തിനെയും മര്‍ദ്ദിച്ചത്. ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോ എടുത്തശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കി.
യുവാവെടുത്ത വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹോട്ടലിനെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിന് കസബ പൊലീസ് കേസെടുത്തു.