കാലിഫോര്‍ണിയ: ടോക്കിയോ ഒളിംപിക്‌സില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് മലയാളിയായ പതിനെട്ടുകാരന്‍ ശ്രദ്ധേയനായി. കണ്ണൂര്‍ പിലാത്തറ നരീക്കാംവള്ളിയിലെ സി കുമാറിന്റെ പേരക്കുട്ടി നിഖില്‍ കുമാറാണു യു.എസ് ടേബിള്‍ ടെന്നിസ് ടീമിലുള്ളത്.
ടേബിള്‍ ടെന്നിസില്‍ സിംഗിള്‍സിലും ഡബിള്‍സിലും മത്സരിക്കുന്ന നിഖിലാണു ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.
2011ല്‍ യു.എസ് ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തു. അണ്ടര്‍ 9 വിഭാഗത്തിലെ ദേശീയ ചാംപ്യനും അണ്ടര്‍ 10ല്‍ രണ്ടാം സ്ഥാനക്കാരനുമായി. 2017ല്‍ പുരുഷ സിംഗിള്‍സില്‍ ഫൈനലിലെത്തി.
യു.എസിന്റെ ദേശീയ സ്റ്റുഡന്റ്‌സ് ടേബിള്‍ ടെന്നിസ് അസോസിയേഷന്റെ പടിഞ്ഞാറന്‍ മേഖലാ ഡയറക്ടര്‍ കൂടിയാണു നിഖില്‍. കലിഫോര്‍ണിയയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശശികുമാറിന്റെയും ബീനനമ്പ്യാരുടെയും മകനാണ്.
ആറാം വയസ്സില്‍ ടേബിള്‍ ടെന്നിസ് കളിച്ചു തുടങ്ങിയ നിഖില്‍ കലിഫോര്‍ണിയയിലെ സ്പാര്‍ട്ടന്‍സ് ക്ലബ്ബിലൂടെയാണു ചുവടുറപ്പിച്ചത്. 2014 മുതല്‍ ചൈനയുടെ ടാവോ വെന്‍സാങ്ങാണു പരിശീലകന്‍.
ഒളിംപിക്‌സില്‍ പങ്കെടുക്കുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദത്തിലാണു നിഖില്‍. സിംഗിള്‍സ് വിഭാഗം ആദ്യ റൗണ്ടില്‍ മംഗോളിയയുടെ എന്‍ക്ബാറ്റാണ് എതിരാളി.