പി പി ചെറിയാൻ
ഓസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടെത്തി ടെക്‌സസ്- മെക്‌സിക്കൊ അതിര്‍ത്തിയിലേക്ക് കൊണ്ടുവിടണമെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ഉത്തരവിട്ടു.
ടെക്‌സസ് നാഷ്ണല്‍ ഗാര്‍ഡ്, സ്‌റ്റേറ്റ് പോലീസ് എന്നിവര്‍ക്കാണ് കര്‍ശന ഉത്തരവ് ഇന്ന് (ജൂലായ് 7ന്) ഗവര്‍ണ്ണര്‍ നല്‍കിയത്.
അനധികൃത കുടിയേറ്‌റക്കാരന്‍ സമൂഹത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് മാറിയതായും, ഇതിന് പരിഹാരം കണ്ടെത്തുന്നതിന് ഇത്തരക്കാരെ പിടികൂടി അതിര്‍ത്തിയിലേക്ക് തിരിച്ചയക്കുക എന്നതു മാത്രമേ ഇപ്പോള്‍ കാരണമായിട്ടുള്ളതെന്ന് ഗവര്‍ണ്ണര്‍ ഉത്തരവില്‍ ചൂണ്ടികാട്ടി.
അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ ഓരോ ദിവസവും വര്‍ദ്ധിച്ചു വരുന്നു. മെയ് മാസം മാത്രം 240000 കുടിയേറ്റക്കാര്‍ അതിര്‍ത്തി കടന്ന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിയതായി ഫെഡറല്‍ ഏജന്റ്‌സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ഭൂരിപക്ഷവും ടെക്‌സസ്സിലേക്കാണ് കടന്നിരിക്കുന്നതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
ഇവരെ നിയന്ത്രിക്കണമെന്ന സമ്മര്‍ദ്ദം കണ്‍സര്‍വേറ്റീവ് റിപ്പബ്ലിക്കന്‍ ഭാഗത്തുനിന്നും ഉണ്ടാരകുന്നതായി ഗവര്‍ണ്ണര്‍ അറിയിച്ചു. ഗവര്‍ണ്ണറുടെ ഈ തീരുമാനത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി വിമര്‍ശിച്ചു. ഫെഡറല്‍ ഗവണ്‍മെന്റിനാണ് അതിര്‍ത്തിയെകുറിച്ചുള്ള പോളിസി മേക്കിംഗിന് അധികാരമുള്ളൂവെന്ന് ഇവര്‍ ചൂണ്ടികാണിക്കുന്നു.