കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ തെളിവില്ലെന്ന മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കാനാകുമെന്നും നിയമവൃത്തങ്ങള്‍ പറയുന്നു. വെളിപ്പെടുത്തല്‍ കേസിനെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് ദിലീപിന്റെ അഭിഭാഷകരും് വിലയിരുത്തന്നു.
പള്‍സര്‍ സുനി മറ്റ് നടികളോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തലിലുണ്ട്. അതിനാല്‍, കുറ്റം മറച്ചുവെച്ചതിന് ഐ.പി.സി. 118 പ്രകാരം കേസെടുക്കാനാകുമെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇരകള്‍ തിരിച്ചറിയപ്പെടും എന്നതിനാലാണ് നടപടി സ്വീകരിക്കാത്തതെന്നാണ് ശ്രീലേഖ പറയുന്നത്. എന്നാല്‍, ഇരകളെ സംരക്ഷിച്ചുകൊണ്ട് അന്വേഷണം നടത്താനാകുമായിരുന്നു.
വിചാരണയുടെ അവസാനഘട്ടത്തില്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലിന്റെ ഉദ്ദേശ്യശുദ്ധി സംശയകരമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 161 പ്രകാരം പോലീസ് രേഖപ്പെടുത്തുന്ന മൊഴികളില്‍ സാക്ഷികള്‍ ഒപ്പിടേണ്ടതില്ല. ഇങ്ങനെ നല്‍കുന്ന മൊഴികളില്‍ പോലീസ് പലതും എഴുതിച്ചേര്‍ക്കുകയാണെന്നാണ് ശ്രീലേഖയുടെ ആരോപണം. ഡി.ജി.പി. റാങ്കില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥയുടെ ഇത്തരം ആരോപണം എല്ലാ ക്രിമിനല്‍ കേസ് നടപടികളെയും സംശയ നിഴലിലാക്കുന്നതാണെന്നും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.