ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാര്‍ഗരറ്റ് ആല്‍വയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്.
ഐകകണ്ഠ്യേന മാര്‍ഗരറ്റിനെ തിരഞ്ഞെടുത്തതെന്ന് ശരദ് പവാര്‍ അറിയിച്ചു. കോണ്‍ഗ്രസ്, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഎം, സിപിഐ, എസ്പി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
5 തവണ എംപിയായിരുന്ന മാര്‍ഗരറ്റ് ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. 2000ല്‍ രൂപം കൊണ്ട ഉത്തരാഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറാണ്. 1984ല്‍ രാജീവ് ഗാന്ധി സര്‍ക്കാരില്‍ പാര്‍ലമെന്റ്കാര്യ, വനിതാശിശുക്ഷേമ വകുപ്പുകളില്‍ സഹമന്ത്രിസ്ഥാനം വഹിച്ചിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറിയായും കര്‍ണാടക പിസിസി ജനറല്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെയും പി.വി.നരസിംഹ റാവുവിന്റെയും സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്ന ആല്‍വ ഇടക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു.
തുടര്‍ന്ന് അവര്‍ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് ആറിനാണ് തിരഞ്ഞെടുപ്പ്.