Sunday, December 22, 2024

HomeMain Storyദിനേശ് ഗുണവര്‍ദ്ധന ശ്രീലങ്കന്‍ പ്രധാനമന്ത്രി; പ്രതിഷേധക്കാര്‍ അറസ്റ്റില്‍

ദിനേശ് ഗുണവര്‍ദ്ധന ശ്രീലങ്കന്‍ പ്രധാനമന്ത്രി; പ്രതിഷേധക്കാര്‍ അറസ്റ്റില്‍

spot_img
spot_img

കൊളംബൊ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവര്‍ദ്ധന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊളംബോയിലെ പ്രധാന മന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

പ്രതിപക്ഷത്തെ കൂടി സഹകരിപ്പിച്ചു കൊണ്ട് സര്‍വ്വകക്ഷി സര്‍ക്കാര്‍ എന്ന ആശയം ഭരണപക്ഷം പരിഗണിക്കുന്നതായാണ് വിവരം. എന്നാല്‍ ഇതിനോട് പ്രതിപക്ഷം ഇതുവരെ അനുഭാവപൂര്‍വ്വം പ്രതികരിച്ചിട്ടില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പശ്ചാത്തലത്തില്‍, പ്രതിപക്ഷം ഈ ആശയത്തോട് സഹകരിക്കണം എന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നു.

രാജ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ക്രിയാത്മകമായ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നു. പാര്‍ലമെന്ററി നടപടികളില്‍ രാജ്യതാത്പര്യം മുന്‍നിര്‍ത്തിയുള്ള പിന്തുണ ഉണ്ടാകുമെന്ന് പ്രതിപക്ഷ എം പി എറാന്‍ വിക്രമരത്‌നെ അറിയിച്ചു. പ്രസിഡന്റായി കഴിഞ്ഞ ദിവസം ചുമതലയേറ്റ റനില്‍ വിക്രമസിംഗെയ്ക്ക് മുന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗ ആശംസകള്‍ അറിയിച്ചു.

1983ല്‍ പാര്‍ലമെന്റ് അംഗമായ ദിനേശ് ഗുണവര്‍ദ്ധന വലിയ രാഷ്ട്രീയ പാരമ്പര്യവും അനുഭവ സമ്പത്തുമുള്ള നേതാവാണ്. മുന്‍ സര്‍ക്കാരുകളില്‍ ഗതാഗതം, പരിസ്ഥിതി, നഗര വികസനം, ജലസേചനം, ഉന്നത വിദ്യാഭ്യാസം, വിദേശകാര്യം, നൈപുണ്യ വികസനം, പൊതുഭരണം, ആഭ്യന്തരം, പ്രാദേശിക ഭരണം തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ചീഫ് വിപ്പായും എം ഇ പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം പ്രക്ഷോഭകര്‍ക്ക് നേരെ സൈനിക നടപടി. നൂറുകണക്കിന് ശ്രീലങ്കന്‍ സൈനികരും പൊലീസും വെള്ളിയാഴ്ച പുലര്‍ച്ചെ തലസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ ക്യാമ്പ് റെയ്ഡ് ചെയ്തു. നിരവധി പ്രതിഷേധക്കാരുടെ കൂടാരങ്ങള്‍ സൈനികരും പൊലീസും ചേര്‍ന്ന് തകര്‍ത്തു.

അഭിഭാഷകരും ആക്ടിവിസ്റ്റുകളുമടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ രണ്ട് മണിയോട് കൂടി സൈന്യം ഇരച്ചെത്തുകയായിരുന്നു എന്നും സമരക്കാരുടെ ടെന്റുകള്‍ അടിച്ചു തകര്‍ത്തു എന്നും സമരകേന്ദ്രത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സൈന്യത്തിന്റ ആക്രമണമുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments