പാരീസ്: നിരവധി മാറ്റങ്ങള്‍ വരുത്തി ശരീരത്തെ ഒരു പരീക്ഷണ വസ്തുവാക്കി മാറ്റിയ ഒരു ഫ്രഞ്ചുകാരന്‍ പൊതു സമൂഹത്തില്‍ നിന്ന് തനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ച് അടുത്തിടെ സംസാരിച്ചത് ഏറെ കൗതുകകരമായിരുന്നു. വളരെ വിചിത്രമായ ചില മാറ്റങ്ങളാണ് സ്വന്തം ശരീരത്തില്‍ ആന്റണി ലോഫ്രെഡോ എന്ന ഫ്രഞ്ചുകാരന്‍ നടത്തിയിരിക്കുന്നത്.
ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത് നടക്കുന്ന ആന്റണി ലോഫ്രെഡോ എന്ന മനുഷ്യനെ എല്ലാവര്‍ക്കുമറിയാം. അന്യഗ്രഹ ജീവിയെ പോലെ ആകണം തന്റെ രൂപമെന്ന് ആഗ്രഹിച്ച് അതിനായി ശരീരത്തെ മുഴുവന്‍ രൂപമാറ്റം വരുത്തിയ വ്യക്തിയാണ് അദ്ദേഹം. ഒറ്റ നോട്ടത്തില്‍ ആരും പേടിച്ചുപോകുന്ന രൂപത്തിലേക്ക് ശസ്ത്രക്രിയയിലൂടെ മാറിയ ആന്റണി, ‘ബ്ലാക്ക് ഏലിയന്‍’ എന്നാണ് അറിയപ്പെടുന്നത് തന്നെ. ഇപ്പോഴിതാ ഒരു പരാതി പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
തന്റെ രൂപമാറ്റം മൂലം ആരും തനിക്ക് ജോലിയൊന്നും നല്‍കുന്നില്ലെന്നാണ് ആന്റണിയുടെ പരാതി. ആരും തന്നെ സാധാരണക്കാരനായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ദയവായി എല്ലാവരും ഒരു ‘നോര്‍മല്‍’ മനുഷ്യനായി തന്നെ കാണണമെന്നാണ് 34-കാരനായ ആന്റണിയുടെ അഭ്യര്‍ത്ഥന. പലരും തന്നെ കാണുമ്പോള്‍ ബഹളം വെക്കുകയും ഓടിപോവുകയും ചെയ്യുന്നു. ഒരു മനുഷ്യനാണ് താനുമെന്ന് ഓര്‍ക്കണം. പക്ഷെ എല്ലാവരുടെയും വിചാരം തനിക്ക് പ്രാന്താണെന്നാണ് എന്നും ആന്റണി വിശദീകരിച്ചു.
”ഞാന്‍ ഒരു മനുഷ്യനാണ്. എന്നെ കാണുമ്പോള്‍ പേടിച്ച് ഓടുന്നവരുമുണ്ട്. രാത്രിയില്‍ ഞാന്‍ തെരുവിലൂടെ നടക്കുമ്പോള്‍ ഒരു വശം ചേര്‍ന്നു മാത്രമാണ് നടക്കാറ്. ആളുകളെ കടന്നു പോകുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കുട്ടികളുടെ കാര്യത്തിലും ഞാന്‍ ശ്രദ്ധാലുവാണ്. എന്നെ കാണുമ്പോള്‍ അവര്‍ക്ക് ഒരു ഷോക്കായിരിക്കുമെന്ന് എനിക്ക് അറിയാം…” ആന്റണി പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ 1.2 ദശലക്ഷം ഫോളോവേഴ്സ് ഉള്ളയാളാണ് ആന്റണി. നിരവധി ആരാധകരും ആന്റണിക്കുണ്ട്. കൃഷ്ണമണി ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ ടാറ്റൂ ചെയ്ത നാവിനെ രണ്ടായി പിളര്‍ത്തുകയും മൂക്കിന്റെ അഗ്രം മുറിച്ചു കളയുകയും ചെയ്തിട്ടുണ്ട്. മേല്‍ചുണ്ടിന്റെ ഒരു ഭാഗവും കീഴ്ചുണ്ടിന്റെ അടിവശവും എടുത്തുകളഞ്ഞു.
തലയില്‍ മുഴകളും കുഴികളും ഉണ്ടാക്കി. കൈകളിലെ രണ്ട് വിരലുകള്‍ കൂടി ചെത്തിക്കളഞ്ഞ ഒറ്റനോട്ടത്തില്‍ ഒരു അന്യഗ്രഹ ജീവിയെ പോലെ തന്നെയാണ് എന്നതാണ് വാസ്തവം. അതിനിടെയാണ് ആളുകള്‍ തന്നെ കാണുമ്പോള്‍ സാധാരണക്കാരനായി കാണുന്നില്ലെന്ന പരാതിയുമായി ആന്റണി രംഗത്തെത്തിയിരിക്കുന്നത്.