ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയിത്ര. കഴിഞ്ഞ തവണ ഞാന്‍ ഇവിടെ നില്‍ക്കവേ എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ ഒരു എം.പിയുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് ഭരണപക്ഷത്തിന് വലിയ വില കൊടുക്കേണ്ടിവന്നു. എന്നെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ നിങ്ങളുടെ 63 അംഗങ്ങളെ ജനങ്ങള്‍ എന്നെന്നേക്കുമായി നിശ്ശബ്ദരാക്കി, മഹുവ പറഞ്ഞു.
ബി.ജെ.പിക്ക് തനിച്ച് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ കുറിച്ചും മഹുവ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ബി.ജെ.പിക്ക് അംഗങ്ങള്‍ കുറവായതിനാല്‍ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ അസ്ഥിരമാണ്. സഖ്യകക്ഷികളെ ആശ്രയിച്ചു നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും താഴെവീഴാമെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍നിന്നുള്ള എം.പിയാണ് മഹുവ. സഭയില്‍ ചോദ്യം ചോദിക്കാന്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തിന് പിന്നാലെ 2023 ഡിസംബറില്‍ ഇവരെ സഭയില്‍നിന്ന് പുറത്താക്കിയിരുന്നു. മഹുവ കുറ്റക്കാരിയാണെന്ന് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു ഇത്.