Monday, July 8, 2024

HomeMain Story650 അംഗ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മലയാളി ഉള്‍പ്പടെ പതിനൊന്ന് ഇന്ത്യക്കാര്‍

650 അംഗ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മലയാളി ഉള്‍പ്പടെ പതിനൊന്ന് ഇന്ത്യക്കാര്‍

spot_img
spot_img

ഇംഗ്ലണ്ട്: യു.കെ. പൊതുതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഇന്ത്യക്കാരും. ഋഷി സുനക് ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാരാല്‍ സമ്പന്നമാണ് 650 അംഗങ്ങളുള്ള ബ്രിട്ടീഷ് പാര്‍ലമെന്റ്. ഇവരില്‍ മലയാളിയായി കോട്ടയം സ്വദേശിയായ സോജന്‍ ജോസഫും ഉള്‍പ്പെടുന്നു.

ഋഷി സുനക്

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനായ ഋഷി സുനക്, റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തലെട്രോണ്‍ മണ്ഡലത്തില്‍നിന്ന് 12,185 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. 2015 മുതല്‍ അദ്ദേഹം എം.പിയാണ്.

പ്രീത് കൗര്‍ ഗില്‍

ബെര്‍മിങ്ഹാം എഡ്ഗബ്സ്റ്റണില്‍നിന്ന് ലേബര്‍ പാര്‍ട്ടിക്കുവേണ്ടി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രീത് കൗര്‍ ഗില്‍, പ്രതിപക്ഷത്തെ ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഷാഡോ മിനിസ്റ്റര്‍ ആയിരുന്നു. 8368 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രീത് കൗര്‍ ഗില്‍ വിജയിച്ചത്.

പ്രീതി പട്ടേല്‍

മുന്‍ ആഭ്യന്തര സെക്രട്ടറിയായ പ്രീതി പട്ടേല്‍, എസെക്സ് കൗണ്ടിയിലെ വിതാം മണ്ഡലത്തില്‍നിന്നാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്ത് സ്വദേശിയായ പ്രീതി പട്ടേല്‍ 2019 മുതല്‍ 2022 വരെയാണ് ആഭ്യന്തര സെക്രട്ടറിയായിരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ പ്രീതി 2010 മുതല്‍ വിതാമില്‍നിന്നുള്ള എം.പിയാണ്.

ഗഗന്‍ മൊഹിന്ദ്ര

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഗഗന്‍ മൊഹിന്ദ്ര പഞ്ചാബിയാണ്. സൗത്ത് വെസ്റ്റ് ഹെര്‍ട്സ് മണ്ഡലത്തില്‍ നിന്ന് 16458 വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയിച്ചത്. ബ്രിട്ടീഷ്-ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചയാളായിരുന്നു ഗഗന്‍ മൊഹിന്ദ്രയുടെ മുത്തശ്ശന്‍.

കനിഷ്‌ക നാരായണ്‍

ഇന്ത്യയില്‍ ജനിച്ച കനിഷ്‌ക നാരായണ്‍, ലേബര്‍ പാര്‍ട്ടി അംഗമാണ്. വേല്‍ ഓഫ് ഗ്ലാമോര്‍ഗന്‍ മണ്ഡലത്തില്‍നിന്ന് 17740 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. വെയ്ല്‍സിലെ വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള ആദ്യ എം.പിയാണ് കനിഷ്‌ക.

നവേന്ദു മിശ്ര

സ്റ്റോക്ക്പോര്‍ട്ട് മണ്ഡലത്തില്‍നിന്ന് ലേബര്‍ പാര്‍ട്ടിക്കായി മത്സരിച്ച് വിജയിച്ച നവേന്ദു മിശ്ര ഇത് രണ്ടാം തവണയാണ് എം.പിയാകുന്നത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് നവേന്ദുവിന്റെ മാതാപിതാക്കള്‍. 21787 വോട്ടുകള്‍ക്കായിരുന്നു നവേന്ദുവിന്റെ വിജയം.

ലിസ നന്ദി

സിറ്റിങ് സീറ്റായ വിഗനില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ലിസ 2014 മുതല്‍ ലേബര്‍ പാര്‍ട്ടി എം.പിയാണ്. 19401 വോട്ടുകള്‍ നേടിക്കൊണ്ട് റിഫോം യു.കെ. സ്ഥാനാര്‍ഥി ആന്‍ഡി ഡവ്ബെറിനെയാണ് ലിസ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത സ്വദേശിയായ ദീപക് നന്ദിയുടെ മകളാണ് ലിസ നന്ദി.

സുവെല്ല ബ്രേവര്‍മാന്‍

ഋഷി സുനക് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സുവെല്ല ബ്രേവര്‍മാന്‍ വലിയ വിവാദത്തിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പോലീസിന് പാലസ്തീന്‍ അനുകൂലികളോട് മൃദുസമീപനമാണ് എന്ന പ്രസ്താവന വിവാദമായതോടെ അവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ഫരെഹാം ആന്‍ഡ് വാട്ടര്‍ലൂവില്ലെ മണ്ഡലത്തില്‍ നിന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എം.പിയായി സുവെല്ല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടീഷ് പൗരന്മാര്‍ ലോറി ഓടിക്കാനും ഇറച്ചി വെട്ടാനും പഠിച്ചാല്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാമെന്നും സുവെല്ല മുമ്പ് പറഞ്ഞിട്ടുണ്ട്.

ശിവാനി രാജ

ലേബര്‍ പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന ലെയ്സെസ്റ്റര്‍ ഈസ്റ്റ് മണ്ഡലം പിടിച്ചെടുത്തുകൊണ്ടാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ശിവാനി രാജ പാര്‍ലമെന്റിലേക്ക് ചുവടുവെയ്ക്കുന്നത്. ഇന്ത്യന്‍ വംശജനായ രാജേഷ് അഗര്‍വാളിനെ 4426 വോട്ടുകള്‍ക്കാണ് ശിവാനി പരാജയപ്പെടുത്തിയത്.

തന്‍മന്‍ജീത് സിഘ് ദേസി

സിഖ് നേതാവായ തന്‍മന്‍ജീത് സിഘ് ദേസി സ്ലോ മണ്ഡലത്തില്‍നിന്ന് വീണ്ടും എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. ടര്‍ബന്‍ ധരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തുന്ന ആദ്യ എം.പിയാണ് തന്‍മന്‍ജീത്.

സോജന്‍ ജോസഫ്

കോട്ടയം സ്വദേശിയായ സോജന്‍ ജോസഫ് ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്തുകൊണ്ട് 1779 വോട്ടിനാണ് സോജന്റെ വിജയം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments