തൃശ്ശൂർ: തുടർച്ചയായി സുരേഷ് ഗോപിയെ സ്തുതിക്കുന്ന മേയർ എം.കെ. വർഗീസിന്റെ നടപടിയിൽ പരസ്യ എതിർപ്പുമായി സി.പി.ഐ. “ ഇടതുപക്ഷം പിന്തുണയ്ക്കുന്ന ഒരു മേയറുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അഭിപ്രായ പ്രകടനങ്ങളാണ് ഉണ്ടാകുന്നത്. ഇടതുപക്ഷത്തിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന മേയറാണെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ അദ്ദേഹം പദവി ഒഴിഞ്ഞ് ഇടതുപക്ഷത്തിന്റെ പുതിയ മേയറെ പിന്തുണയ്ക്കണം. തുടർച്ചയായി ഇത്തരം നിലപാട് സ്വീകരിക്കുന്ന മേയറെ സഹിച്ച് മുന്നോട്ടു പോകാനാകില്ല”- സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് മാധ്യമങ്ങളോട് പറഞ്ഞു.
ഒഴിയണമെന്ന നിലപാട് ഞങ്ങളും തുടരാൻ അനുവദിക്കണമെന്ന നിലപാട് അദ്ദേഹവും സ്വീകരിച്ചതിനാലാണ് എൽ.ഡി.എഫ്. ധാരണ നടപ്പാകാതെ നീണ്ടുപോയത്.
സുരേഷ് ഗോപിയോടുള്ള ആരാധനയിലൂടെ ബി.ജെ.പി. രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന നടപടി അംഗീകരിക്കാനാവില്ല. എം.പി. എന്ന നിലയിലും കേന്ദ്രമന്ത്രി എന്ന നിലയിലും സുരേഷ് ഗോപി കൊണ്ടുവരുന്ന വികസന പ്രവർത്തനങ്ങളെ എതിർക്കാനില്ല. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും വത്സരാജ് പറഞ്ഞു.
തിരഞ്ഞെടുപ്പ് വേളയിൽ സുരേഷ് ഗോപിയെ പുകഴ്ത്തിയ മേയർ എം.കെ. വർഗീസിന്റെ നടപടിയിൽ സി.പി.ഐ. കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മേയർ സുരേഷ് ഗോപിയെ വീണ്ടും പുകഴ്ത്തിയതാണ് സി.പി.ഐ.യെ കടുത്ത നിലപാടിലേക്കെത്തിച്ചത്.