തിരുവനന്തപുരം: വിസി മാർ സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തണമെന്ന് ഗവർണർ.സുപ്രീംകോടതിവിധിയെ തുടർന്ന് വിവിധ സർവകലാശാലകളിലെ വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയും സമീപിച്ച വൈസ് ചാൻസലർമാർ കോടതി ചെലവുകൾക്കായി വിവിധ സർവ്വകലാശാലകളുടെ ഫണ്ടിൽ നിന്നും ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടതിന് നീതീകരണമില്ലെന്നും,
ധനദുർവിനിയോഗമാണെന്നും ഇതിനായി ചെലവിട്ട തുക വിസി മാർ ഉടനടി തിരിച്ചടയച്ച് റിപ്പോർട്ട് ചെയ്യാനും ഗവർണരുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി എല്ലാ വിസി മാർക്കും അടിയന്തിര നിർദ്ദേശം നൽകി.
വിസി നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്താൻ വിസി മാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്നും ചെലവിട്ട തുക സംബന്ധിച്ച വിശദ വിവരങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് നിയമസഭയിൽ വെളിപ്പെടുത്തിയത്
കണ്ണൂർ വി സി ആയിരുന്ന ഡോ: ഗോപിനാഥ് രവിന്ദൻ 69 ലക്ഷം രൂപയും, കുഫോസ്
വിസി യായിരുന്ന ഡോ. റിജി ജോൺ 36 ലക്ഷം രൂപയും, സാങ്കേതി സർവ്വകലാശാല വിസി യായിരുന്ന ഡോ: എം. എസ്. രാജശ്രീ ഒന്നര ലക്ഷം രൂപയും, കാലിക്കറ്റ് വിസി ഡോ: എം. കെ.ജയരാജ് നാലു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയും,കുസാറ്റ് വിസി ഡോ: കെ. എൻ. മധുസൂദനൻ 77,500 രൂപയും,മലയാളം സർവകലാശാല വിസിയായിരുന്ന ഡോ: വി.അനിൽകുമാർ ഒരു ലക്ഷം രൂപയും, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ. മുബാറക് പാഷ 53000 രൂപയും സർവ്വകലാശാല ഫണ്ടിൽ നിന്നും ചെലവിട്ടതായി മന്ത്രി നിയമസഭയെ രേഖമൂലം അറിയിച്ചിരുന്നു
അതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസ്സർ നിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജ്ജിയിൽ കോടതി ചെലവിനായി 8 ലക്ഷം രൂപ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവാക്കിയതായും, സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുള്ള SLP യുടെ വിചാരണ പൂർത്തിയാകാത്തതുകൊണ്ട് പ്രസ്തുത കേസിന്റെ ചെലവുകൾ സർവ്വകലാശാല നൽകിയിട്ടില്ലെന്നും മന്ത്രി നിയമ സഭയെ അറിയിച്ചു.
വിസി മാരും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയും സുപ്രീം കോടതിയിലും ഹൈക്കോടതിയിലും മുതിർന്ന അഭിഭാഷകർ മുഖേനയാണ് ഹർജ്ജികൾ ഫയൽ ചെയ്തത്. എന്നാൽ കേരള, എംജി, ഡിജിറ്റൽ വിസി മാർ ഹർജ്ജികൾ ഫയൽ ചെയ്തിരുന്നു വെങ്കിലും യൂണിവേഴ്സിറ്റി ഫണ്ട് ചെലവാക്കിയതായി നിയമസഭരേഖകളിലില്ല.
കാലിക്കറ്റ് വിസി
ജൂലൈ 12-വെള്ളിയാഴ്ച്ച കാലാവധി പൂർത്തിയാക്കി വിരമിക്കുന്നതിന്
തൊട്ടുമുൻപാണ് കേസിനു ചെലവിട്ട തുക തിരിച്ചടയ്ക്കാനുള്ള ഉത്തരവ്. ഡോ: ഗോപിനാഥ് രവീന്ദ്രൻ തന്റെ ലാവണമായ ദില്ലി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ മടങ്ങിപോയത് കൊണ്ട് അദ്ദേഹത്തിന്റെ ബാധ്യതവിവരം ഇപ്പോഴത്തെ കണ്ണൂർ വിസി ദില്ലി ജാമിയ യൂണിവേഴ്സിറ്റിയെ അറിയിക്കും.
സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ സ്വന്തം നിലയ്ക്കാണ് കോടതി ചെലവുകൾ ഉദ്യോഗസ്ഥർ വഹിക്കേണ്ടത്. എന്നാൽ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ ഗവർണറെ തന്നെ എതിർകക്ഷിയാക്കി കോടതിയിൽ ചോദ്യം ചെയ്യുന്നതിന് സർവ്വകലാശാല ഫണ്ടിൽ നിന്നും തുകചെലവിടുന്നത് ഇദംപ്രഥമമാണ്. തുക യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിടുന്നത് നിയമവിരുദ്ധമാണെന്ന് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ തന്നെ ചൂണ്ടികാട്ടിയിരുന്നു
കോടതി ചെലവുകൾക്ക് തുക അനുവദിച്ച നടപടി ഗവർണർ റദ്ദാക്കിയതോടെ ഈ തുക വിസി മാരുടെ ബാധ്യതയായി മാറും.
സർവകലാശാല ഉദ്യോഗസ്ഥർ ക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ അവർ സ്വന്തം ചെലവിൽ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ, വിസി മാർ ഫയൽ ചെയ്ത ഹർജ്ജി കൾക്ക് വേണ്ടി ചെലവിട്ട തുക ബന്ധപ്പെട്ട വിസി മാരിൽ നിന്നോ, തുക അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ
നടപടി.
.