വിഴിഞ്ഞം പദ്ധതി വരുമ്പോള്‍ തീരദേശ ജനതയ്ക്കായി നടപ്പാക്കാമെന്നു പറഞ്ഞ കാര്യങ്ങളൊന്നും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണില്‍ പങ്കെടുക്കില്ലെന്നും ഡോ. ശശി തരൂര്‍ . പ്രസതാവനയിലൂടെയാണ് തരൂര്‍ ഇക്കാര്യം അറിയിച്ചത്.
പ്രസ്താവനയുടെ പൂര്‍ണരൂപം ചുവടെ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന് നാളെ ഒരു കണ്ടെയ്നര്‍ കപ്പലിന്റെ വരവോടെ തുടക്കമാകുമ്പോള്‍, ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിലേക്ക് നമ്മള്‍ അടുക്കുകയാണ്.
ഇത് വര്‍ഷങ്ങളായുള്ള അശ്രാന്ത പരിശ്രമത്തിന്റെ പരിസമാപ്തിയാണ്, തിരുവനന്തപുരത്തെയും കേരളത്തെയും കാത്തിരിക്കുന്ന ഭാവിയുടെ ഒരു നേര്‍ക്കാഴ്ചയാണ് ഇത്.
നമ്മുടേത് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ശ്രദ്ധേയവുമായ തീരപ്രദേശങ്ങളില്‍ ഒന്നാണെങ്കിലും, വലിയ മെയിന്‍ലൈന്‍ കണ്ടെയ്നര്‍ കപ്പലുകള്‍ കൈകാര്യം ചെയ്യാന്‍ അന്താരാഷ്ട്ര കപ്പല്‍ ചാലുകള്‍ക്ക് സമീപം എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കാവുന്ന ആഴമുള്ള ഒരു പ്രധാന തുറമുഖം ഇന്ത്യയ്ക്കില്ല എന്നത് ഒരിക്കല്‍ ഞാന്‍ ലോക്സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണത്താല്‍, ചൈനയുടെ ശക്തമായ അധീനത്തമുളള ശ്രീലങ്കയുടെ കൊളംബോ തുറമുഖം, നമ്മുടെ എല്ലാ പ്രധാന തുറമുഖങ്ങളെക്കാളും വളരെ കൂടുതല്‍ ചരക്കുകള്‍ ഇന്ത്യയ്ക്കായി കൈമാറുന്നു. ഒരു പ്രധാന ഇന്ത്യന്‍ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖത്തിന്റെ അഭാവം ഇന്ത്യന്‍ മഹാസമുദ്രത്തിലുടനീളമുള്ള സമുദ്രവ്യാപാരത്തില്‍ ചൈനയ്ക്ക് നമ്മെക്കാള്‍ വലിയ മുന്‍തൂക്കം നല്‍കി, ഇത് നമ്മെ വലിയ ജിയോസ്ട്രാറ്റജിക് പോരായ്മയിലേക്ക് തള്ളിവിടുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നമ്മുടെ രാജ്യത്തിന്റെ ഈ പോരായ്മ പരിഹരിക്കും.
തുറമുഖത്തിന്റെ ഉടമസ്ഥരായ സര്‍ക്കാര്‍ കമ്പനിയായ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ഏറ്റവും കൂടുതല്‍ കാലമായി സേവനം അനുഷ്ഠിക്കുന്ന എനിക്ക് ഈ യാത്ര അവിസ്മരണീയമാണ്.
2011 ജൂണില്‍ അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ക്ഷണപ്രകാരം കേരളത്തിലേക്ക് വന്ന അന്നത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ശ്രീ ജയറാം രമേശിനൊപ്പം തുറമുഖത്തിന്റെ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ചത് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. തുറമുഖത്തിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള നിബന്ധനകള്‍ക്ക് അന്തിമരൂപം നല്‍കുക എന്നതായിരുന്നു സംയുക്ത സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കടലില്‍ നിന്ന് ഉയര്‍ന്ന് ആകാശത്തേക്ക് നീളുന്ന ഒരു ഒന്നാംതരം തുറമുഖം ഇന്ന് നില്‍ക്കുന്നിടത്ത് അന്ന് വെറും കടലും മണല്‍ നിറഞ്ഞ ഒരു കുന്നും മാത്രമായിരുന്നു. ഈ പരിവര്‍ത്തനം തീര്‍ച്ചയായും ശ്രീ ഉമ്മന്‍ചാണ്ടിയുടെ പ്രതിബദ്ധതയ്ക്കും കാഴ്ചപ്പാടിനുമുള്ള ആദരവാണ്. അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികം അടുത്തയാഴ്ച നാം അനുസ്മരിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടത് അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത ഇല്ലായിരുന്നുവെങ്കില്‍, 2015 ഡിസംബറില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിടാന്‍ കഴിയുമായിരുന്നില്ല.
ഉമ്മന്‍ ചാണ്ടി ഈ നിര്‍ണായക സംരംഭത്തിന്റെ വഴികാട്ടിയായിരുന്നു. തീരദേശ സമൂഹങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ഒരു തുറമുഖം എന്നത് അദ്ദേഹത്തിന്റെയും സ്ഥലം എംപി എന്ന നിലയില്‍ എന്റെയും ആദ്യം മുതലേ ഉള്ള ലക്ഷ്യമായിരുന്നു.
അതു കൊണ്ടു തന്നെ, നാളെ ഒരു ട്രയല്‍ റണ്ണിനെ നമ്മള്‍ സ്വാഗതം ചെയ്യുമ്പോള്‍, തുറമുഖത്തിന്റെ നിര്‍മാണം മൂലം ജീവിതവും ഉപജീവനവും ബാധിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ ഗൗരവമായ കടമയെക്കുറിച്ച് ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് വിതരണം ചെയ്യേണ്ട 475 കോടി രൂപയുടെ പുനരധിവാസ പാക്കേജ് 2015 സെപ്റ്റംബറില്‍ അനുവദിച്ചു. എന്നാല്‍, 2016-ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരമേറ്റതുമുതല്‍, അത് നിറവേറ്റിയിട്ടില്ല. തങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ കാര്യമായൊന്നും ചെയ്യാത്ത ഒരു ഭരണകൂടത്തിനെതിരെ മത്സ്യത്തൊഴിലാളി സമൂഹം ശക്തമായി പ്രതിഷേധിച്ചപ്പോള്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുക എന്നൊരു ആവശ്യമൊഴികെ, അവരുടെ എല്ലാ ന്യായമായ ആവശ്യങ്ങളെയും ഞാന്‍ പിന്തുണച്ചു. കടല്‍ ഭിത്തി നിര്‍മാണത്തിലെയും, തുറമുഖവുമായി ബന്ധപ്പെട്ട തീരശോഷണം മൂലം കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലെയും പുരോഗതി വളരെ നിരാശാജനകമാണ്.
ഈ വിഷയങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍, പ്രത്യകിച്ചും, 2023 ഒക്ടോബര്‍ 15 ന് വിഴിഞ്ഞത്ത് എത്തിയ ഉദ്ഘാടന കപ്പലിനെ നമ്മള്‍ ഗംഭീരമായി വരവേല്‍ക്കുകയും പോര്‍ട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏതാനും മാസങ്ങള്‍ കഴിഞ്ഞ് നടത്താനുമിരിക്കുമ്പോള്‍, നാളെ നടക്കുന്ന ട്രയല്‍ റണ്ണിന്റെ ആഘോഷത്തില്‍ ഞാന്‍ പങ്കെടുക്കുന്നത് അനുചിതമായിരിക്കും. ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നത് ഈ വിഷയങ്ങള്‍ പോര്‍ട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് സര്‍ക്കാരിന് പരിഹരിക്കാന്‍ സാധിക്കുമെന്നാണ്. എന്നാല്‍, എന്നെ വേദനിപ്പിക്കുന്നത്, ആദ്യ കപ്പല്‍ വന്ന് പത്ത് മാസം കഴിഞ്ഞിട്ടും, ഇന്നും, നമ്മുടെ തീരദേശ സമൂഹത്തിന്റെ ദുരിതമകറ്റാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നതാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍, നമ്മള്‍ ഓര്‍ക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം നമ്മള്‍ തീരദേശ വാസികള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങളാണ് – നഷ്ടപരിഹാരം, പുനരധിവാസം, കടല്‍ഭിത്തികളും ഗ്രോയിനുകളും നിര്‍മ്മിച്ച് തീരദേശ മണ്ണൊലിപ്പ് ഫലപ്രദമായി തടയുമെന്ന വാഗ്ദാനങ്ങള്‍ – ഈ വാഗ്ദാനങ്ങള്‍ ഒന്നുമിതുവരെ നടപ്പാക്കിയില്ല. ഇത് തുറമുഖത്തിന്റെ വരവ് പ്രതികൂലമായി ബാധിച്ചവര്‍ക്ക് ലഭിക്കേണ്ടതുണ്ട്.
അതിനാല്‍, ഈ ട്രയല്‍ റണ്ണിന്റെ തുടക്കം കുറിക്കുമ്പോള്‍, ഈ വര്‍ഷാവസാനത്തോടെ തുറമുഖം ഔപചാരികമായി കമ്മീഷന്‍ ചെയ്യപ്പെടുമ്പോഴേക്കും തീരദേശത്തോടുള്ള നമ്മുടെ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ അത് നിറവേറ്റാന്‍ പരിശ്രമിച്ചുകൊണ്ട് നമുക്ക് ഈ പദ്ധതിയെ വരവേല്‍ക്കാം.
നമ്മുടെ കാഴ്ചപ്പാട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ പൂര്‍ണ്ണമായും ഹരിതവും സുസ്ഥിരവുമായ ട്രാന്‍സ്ഷിപ്പിംഗ് കേന്ദ്രമെന്ന നിലയില്‍ ലോകത്തിന് അനുകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മോഡല്‍ ആക്കി മാറ്റുക എന്നതാണ്. നമ്മുടെ തീരദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് അവരെ ഈ അഭിമാന പദ്ധതിയുടെ വികസനത്തില്‍ പങ്കാളികളാക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ.