തൃശൂര്‍: ആഴ്ച്ചകളായി തൃശൂര്‍ കോര്പ്പറേഷന് മേയറുമായി ബന്ധപ്പെട്ട് ഉരുണ്ടു കൂടിയ പ്രതിസന്ധി പൊട്ടിത്തെറിയിലേക്ക്. ഇടതു പിന്തുണയില്‍ തൃശൂര്‍ മേയറായി ഇരിക്കുന്ന എം.കെ വര്‍ഗീസ് ബിജെപിക്കു വേണ്ടി വോട്ടു പിടിച്ചതായി തുറന്നടിച്ച് ഇടതു സ്ഥാനാര്‍ഥിയായിരുന്ന വി.എസ് സുനില്‍ കുമാര്‍.
തൃശ്ശൂര്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി മേയര്‍ പ്രവര്‍ത്തിച്ചില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും വിഎസ് സുനില്‍കുമാര്‍ തുറന്നടിച്ചു.
മേയര്‍ ബിജെപിയെ പിന്തുണച്ചുവെന്ന് പരസ്യപ്രതികരണം ഇടതു സ്ഥാനാര്‍ഥി തന്നെ നടത്തിയ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ഇത് കോര്പ്പറേഷന് ഭരണത്തെ തന്നെ സ്വാധീനിക്കും.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് തൃശൂര്‍ മേയര്‍ പ്രവര്‍ത്തിച്ചതെന്നും തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്ക് ഉറപ്പിച്ച് പറയാനാകുമെന്ന് വി എസ് സുനില്‍ കുമാര്‍ പറയുന്നു. മേയറുടെ കാര്യത്തില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഈ തീരുമാനം സ്റ്റേറ്റ് കൗണ്‍സിലിനെ അറിയിച്ച് കഴിഞ്ഞെന്നും സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എം കെ വര്‍ഗീസിനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുന്നു. പരസ്യമായി സിപിഐ തള്ളിയതോടെ മേയറുടെ ഭൂരിപക്ഷം നഷ്ടമായെന്നും എം കെ വര്‍ഗീസ് രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനും ആവശ്യപ്പെട്ടിട്ടുണ്ട്. മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന് പറഞ്ഞു. മേയര്‍ മാറ്റണമെന്ന് നിലപാടില്‍ സിപിഐ ഉറച്ചു നില്ക്കുന്ന സാഹചര്യത്തില്‍ കടുത്ത ഭരണ പ്രതിസന്ധിയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ രൂപപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായി സുരേഷ് ഗോപിയെ പുകഴ്ത്തി രംഗതത്തെത്തുന്ന മേയര്‍ ബിജെപിയിലേക്ക് ചേക്കേറുകയാണോ എന്ന ചോദ്യവും ശക്തമായി ഉയരുന്നു.