ന്യൂഡല്‍ഹി: പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്ന് മോദി വ്യക്തമാക്കി.
‘എന്റെ സുഹൃത്ത് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ആക്രമണത്തില്‍ അഗാധമായ ആശങ്കയുണ്ട്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ,’ പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും അക്രമത്തിനിരയായവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും അമേരിക്കന്‍ ജനതയ്ക്കും ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച പെന്‍സില്‍വാനിയയിലെ ബട്ലറില്‍ പ്രചാരണ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ട്രംപിന് നേരെ വെടിവയ്പ്പുണ്ടായത്. വലത് ചെവിയുടെ മുകള്‍ ഭാഗത്തായാണ് പരിക്കേറ്റത്.