ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. സ്വര്‍ണ്ണം, വെള്ളി, മൊബൈല്‍ഫോണ്‍ വില കുറയും.
പുതിയതായി ജോലിക്കു കയറുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നല്‍കുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി അറിയിച്ചു. ”സംഘടിത മേഖലയില്‍ ജോലിക്കു കയറുന്നവര്‍ക്കുവേണ്ടിയുള്ളതാണ് ഈ സ്‌കീം. 210 ലക്ഷം യുവാക്കള്‍ക്ക് ഇതു ഗുണകരമാകും” മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇപിഎഫ്ഒയില്‍ എന്റോള്‍ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്‌കീമിന് അര്‍ഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവര്‍ക്കാണ് ഇതിന് അര്‍ഹത.
ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് പദ്ധതികള്‍ക്കായി 26,000 കോടിരൂപയുടെ പദ്ധതികളും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങള്‍ക്കു പ്രളയ പ്രതിരോധ പദ്ധതികള്‍ക്കും പുനരധിവാസത്തിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കല്‍, തൊഴില്‍ നൈപുണ്യ വികസനം, മാനവശേഷി വികസനം, സാമൂഹ്യനീതി, ഉത്പാദനസേവന മേഖല, നഗര വികസനം, ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ഇന്നവേഷന്‍ഗവേഷണംവികസനം, പുതുതലമുറ വികസനം എന്നിവയാണ് ബജറ്റിന്റെ മുന്‍ഗണനാ വിഷയങ്ങള്‍. 30 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 14 വന്‍ നഗരങ്ങളില്‍ ഗതാഗത വികസന പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു.
ഇന്നത്തെ സമ്പൂര്‍ണ ബജറ്റോടെ സ്വതന്ത്ര ഇന്ത്യയില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ (ഏഴെണ്ണം) അവതരിപ്പിച്ച നേട്ടത്തില്‍ സി.ഡി.ദേശ്മുഖിനൊപ്പം ധനമന്ത്രി നിര്‍മല സീതാരാമനും ഇടംപിടിക്കും.
വ്യവഹാരങ്ങളും പരാതികളും കുറയ്ക്കുന്നത് ലക്ഷ്യമിട്ട് 1961ലെ ആദായനികുതി നിയമം സമഗ്രമായി പുനഃപരിശോധിച്ച് പോരായ്മകള്‍ പരിഹരിക്കും. ആറുമാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും.
കാന്‍സറിനുള്ള 3 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
തുകല്‍, തുണി, സ്വര്‍ണം, വെള്ളി കസ്റ്റംസ് ഡ്യൂട്ടി കുറച്ചു
25 ധാതുക്കള്‍ക്ക് എക്‌സൈസ് തീരുവ ഒഴിവാക്കി
അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു
മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും.