വത്തിക്കാന്‍ സിറ്റി: കായികതാരങ്ങള്‍ സമാധാനത്തിന്റെ വാഹകരാവട്ടെയെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. . ഈ മാസം 26 ന് ആരംഭിക്കുന്നഒളിമ്പിക്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായിക താരങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് വത്തിക്കാന്‍ ചത്വരത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. കായികതാരങ്ങളെ, സമാധാനത്തിന്റെ സംവാഹകര്‍ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് അവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചത്. ‘ വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ളവരെ സമാധാനപരമായി ഒന്നിപ്പിക്കാന്‍ കഴിവുള്ള വലിയൊരു സാമൂഹിക ശക്തി കായികരംഗത്തിനുണ്ട്. ഇത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ലോകത്തിന്റെ അടയാളമാകുമെന്നും, കായികതാരങ്ങള്‍ അവരുടെ സാക്ഷ്യം മുഖേന സമാധാനത്തിന്റെ സന്ദേശവാഹകരാകുമെന്നും, മറ്റു യുവാക്കള്‍ക്ക് സാധുവായ മാതൃകകളാകുമെന്നു പ്രതീക്ഷിക്കുന്നതായും മാര്‍ പാപ്പ കൂട്ടിച്ചേര്‍ത്തു. . പ്രത്യേകിച്ചും, പുരാതന പാരമ്പര്യമനുസരിച്ച്, സമാധാനത്തിനായുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് യുദ്ധങ്ങളില്‍ ഒരു സന്ധി സ്ഥാപിക്കാനുള്ള അവസരമാണ് ഒളിമ്പിക്‌സെ ന്നും മാര്‍പാപ്പ വ്യക്തമാക്കി.
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വച്ചാണ് ഇത്തവണത്തെ ഒളിമ്പിക്‌സ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഓഗസ്റ്റ് 11 മ വരെയാണ് വിവിധ കായികഇനങ്ങളില്‍ പോരാട്ടം നടക്കുന്നത്. ശാരീരിക വൈകല്യമുള്ളവര്‍ക്കുള്ള ഒളിമ്പിക്സും തുടര്‍ന്ന് അരങ്ങേറും.
205 പ്രതിനിധ്യങ്ങളില്‍ നിന്നായി, ഏകദേശം 11, 475 കായികതാരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഇത്തവണ, പ്രത്യേക സാഹചര്യത്തില്‍ റഷ്യയും, ബെലാറഷ്യയും നിക്ഷ്പക്ഷരായിട്ടാണ് മത്സരിക്കുന്നത്. ആധുനിക കാലഘട്ടത്തിലെ മുപ്പത്തിമൂന്നാമത്തെ ഒളിമ്പിക്‌സ് മത്സരത്തിനാണ് പാരീസ് ആതിഥേയത്വം വഹിക്കുന്നത്. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഒളിമ്പിക്‌സ് മത്സരങ്ങള്‍ കഴിഞ്ഞ തവണ കൊറോണ മഹാമാരി മൂലം, ഒരു വര്‍ഷം താമസിച്ചാണ് ടോക്കിയോയില്‍ അരങ്ങേറിയത്.