വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചക്കെതിരെ വൈറ്റ്ഹൗസിന് മുന്നില്‍ വൻ പ്രതിഷേധം. പലസ്തീന്‍ പതാകകളുമായി നെതന്യാഹുവിനെ ബഹിഷ്കരിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി നിരവധിപേരാണ് വൈറ്റ്ഹൗസിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. നെതന്യാഹുവിന്റെ പ്രതിമക്ക് ചുവട്ടില്‍ ചോര നിറം ഒഴിച്ചും കോലം കത്തിച്ചുമാണ് പ്രതിഷേധം. ‘മനുഷ്യത്വം മരിക്കുന്നു’, ‘കൊലയാളി’ എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധക്കാര്‍ എത്തിയത്.
പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ സീക്രട്ട് സര്‍വ്വീസിന്റെയടക്കം ശക്തമായ സുരക്ഷാവലയത്തിലാണ് വൈറ്റ് ഹൗസ്.
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ പലസ്തീനുനേരെ ആരംഭിച്ച ഇസ്രായേലിന്റെ യുദ്ധം ഒമ്പതുമാസമായി അവസാനിക്കാതെ തുടരുകയാണ്. സ്ത്രീകളും കുട്ടികളും അടക്കം 39,000 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അതിനിടയിലാണ് വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൂടിക്കാഴ്ച നടത്തുന്നത്.